2020, ജൂലൈ 18, ശനിയാഴ്‌ച

വീടുകളിൽ പഠനാന്തരീക്ഷം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



            ഓൺ ലൈൻ പഠനത്തിൻ്റെ ആദ്യ നാളുകളിൽ കുട്ടികൾക്കുണ്ടായിരുന്ന കൗതുകങ്ങൾ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ആദ്യ നാളുകളിലുണ്ടായിരുന്ന ആവേശം തണുത്തു. ഇനി സ്കൂൾ തുറക്കുമ്പോൾ നോക്കാം എന്ന ഒരു മട്ടായിരിക്കുന്നു എന്നാൽ നാം ആദ്യം മനസ്സിലാക്കേണ്ടത് സ്കൂളുകൾ തുറന്നു കഴിഞ്ഞു.ഓൺലൈൻ ആയിട്ടാണ് എന്ന് മാത്രം. സാധാരണ പോലെ യുള്ള ഫിസിക്കൽ ക്ലാസ് മുറികളിലെ പഠനം എന്ന് സാധ്യമാവും എന്ന് യാതൊരു പിടിയുമില്ല. അങ്ങനെയൊന്നു ഈ വർഷം ഉണ്ടായില്ലെങ്കിൽ കുട്ടികൾ പഠിക്കേണ്ട എന്നാണോ അതു കൊണ്ട് വീടിനെ വിദ്യാലയമാക്കിയേ മതിയാവൂ. അപ്പോൾ നമ്മൾ ഒരുക്കേണ്ട പഠനാന്തരീക്ഷത്തെ കുറിച്ചാണ് പറയുന്നത്. നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
            1. ഭൗതിക സാഹചര്യങ്ങൾ - ഓൺലൈൻ ക്ലാസുകൾ കുട്ടിക്ക് കൃത്യമായി ലഭ്യമാക്കാൻ വേണ്ട ഒരുക്കങ്ങളാണ് ഇതിൽ പ്രധാനം. ടി.വി.യോ ഫോണോ ലഭ്യമാക്കുക, സാധ്യമല്ലെങ്കിൽ പൊതു പഠന കേന്ദ്രങ്ങളിലേക്ക് കോവിഡ് കാല സൂക്ഷ്മതകൾ പാലിച്ചു കൊണ്ട് പറഞ്ഞയക്കുക . _ സംപ്രേഷണം ചെയ്തു കഴിഞ്ഞ ശേഷം തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ.
            2. സമയക്രമം -- ഇത് അപ്രധാനമെന്ന് തോന്നാമെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സമയനിഷ്ഠ അഥവാ ടൈം ടേബിൾ ആണത് പ്രക്രിയ കളെ കൃത്യമായും സമയബന്ധിതമായും പൂർത്തീകരിക്കാൻ അതു നിർബന്ധമാണ്. കുട്ടികളുമായി ചർച്ച ചെയ്ത് അവരെ കൊണ്ട് തന്നെ ഒരു ടൈം ടേബിൾ നിർബന്ധമായും ഉണ്ടാക്കണം. ജീവിതത്തിൽ സമയനിഷ്ഠ കൊണ്ടുവരുന്നതിനും ഇത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ നമ്മളും കുട്ടികളും അനാവശ്യത്തിന് അലസരാവും ആവശ്യത്തിന് അലസത നല്ലതാണ് 😀 ശക്തമായിരുന്ന ലോക് ഡൗൺ കാലം വൈകി ഉറങ്ങുന്നതിൻ്റേയും വൈകി ഉണരുന്നതിൻ്റേയും അവസ്ഥയിലേക്ക് ജീവിതക്രമം മാറ്റിയതായി പല സുഹൃത്തുക്കളും പറയുകയുണ്ടായി. കുട്ടികളിൽ സമയം അക്രമമായിപ്പോവാതെ ബോധപൂർവം നമ്മൾ മാറ്റിയേ മതിയാവൂ. ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മുപ്പത് മിനിറ്റലിധികം തുടർച്ചയായി പഠനം വരാതേ ഇടക്ക് ചെറിയ ഇടവേളകൾ തീർച്ചയായും നൽകണമെന്നതാണ്
            3  കുട്ടികൾക്ക് പ്രചോദനമാവുക --  പഠന പ്രവർത്തനങ്ങളിൽ സെൽഫ് ഡയരക് ഷൻ എന്ന് വിളിക്കുന്ന സ്വന്തം കാര്യങ്ങൾ സമയബന്ധിതമായി ഞാൻ പൂർത്തിയാക്കേണ്ടതുണ്ട് എന്ന ബോധം കൂട്ടിയിലുണ്ടാക്കേണ്ടതുണ്ട്. ഇതിന് നിരന്തരമായ പ്രചോദനമാണ് വേണ്ടത്. ഇത് ദേഷ്യപ്പെട്ടോ ഭീഷണിപ്പെടുത്തിയോ ചെയ്യേണ്ട ഒരു കാര്യമേ അല്ല എന്ന് എല്ലാവർക്കും അറിയാമല്ലോ.
            4. വൈകാരിക സന്തുലിതത്വം നിലനിർത്താൻ കുട്ടികളെ സഹായിക്കുക -- . ധാരാളം കൂട്ടുകാരോടൊപ്പം കൂട്ടുകൂടി കളിച്ചു നടന്നിരുന്ന അവർ കൂട്ടിലിട്ട അവസ്ഥയിലാണ്. അതിൻ്റെ അസ്വസ്ഥതകൾ അവർ പല രീതിയിൽ പ്രകടിപ്പിക്കും. ചെറിയ ദേഷ്യം, വാശി, സങ്കടം അങ്ങനെ പല രീതിയിൽ. അതിനെ മറികടക്കാൻ നമ്മൾ അവരോടൊപ്പം വിനോദത്തിലേർപ്പെടാൻ സമയം കണ്ടെത്തണം അതിൽ തന്നെ കായിക വിനോദത്തിനായിരിക്കണം മുഖ്യ പ്രാധാന്യം. അത് മാനസിക വികസനത്തിനും ശാരീരിക വളർച്ചയ്ക്കും ഒരു പോലെ സഹായിക്കും
        5. പഠന ശൈലി മനസ്സിലാക്കി പ്രതികരിക്കുക. ---  എല്ലാ കുട്ടികളും ഒരേ പോലെ അല്ല പഠിക്കുന്നത്. ഓരോരുത്തർക്കും അവരവരുടേതായ ഒരു രീതി ഉണ്ടാവും. അതു കണ്ടെത്തുകയും അതനുസരിച്ച് അവരുടെ പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ