2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

കുട്ടികള്‍ ലോകത്തെ പ്രണയിക്കട്ടെ



കുട്ടികള്‍ ലോകത്തെ പ്രണയിക്കട്ടെ

കെ. എം. ഷരീഫ് 


                    കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി 2002 മെയ് മാസത്തിൽ ന്യുയോർക്കിൽ ചേർന്ന പ്രത്യേക യു.എൻ.സമ്മേളനമാണ് കുട്ടികൾക്കനുയോജ്യമായ ലോകം (A world fit for child) എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന രേഖ പുറത്തിറക്കിയത്. ലോകത്ത് ഏറ്റവും പീഡനം അനുഭവിക്കുന്നവർ കുഞ്ഞുങ്ങളാണ് എന്ന തിരിച്ചറിവാണ് ഐക്യരാഷ്ട്രസഭയെ ഇങ്ങനെയൊരു സമ്മേളനത്തിന് പ്രേരിപ്പിച്ചത്. പഠനത്തിന്റേയും പെരുമാറ്റത്തിന്റെയും പേരിലാണ് കുട്ടികൾ ഏറ്റവുമധികം വേദനകൾ സഹിക്കേണ്ടി വരുന്നത്. കുട്ടികളെ വഴക്കു പറയാത്ത ഏതെങ്കിലും വീടുകൾ ലോകത്തുണ്ടാവുമോ എന്ന് സംശയമാണ്. എവിടെയാണ് , എപ്പോഴാണ് അവർക്ക് സന്തോഷമുള്ള ഒരു ലോകം നമുക്കൊരുക്കിക്കൊടുക്കാൻ കഴിയുക?

        കൗമാരകാലത്തെ കൗതുകങ്ങളെ മനസ്സിലാക്കാൻ സാധിക്കാതെ അതിന്റെ പേരിൽ പരിഭ്രമിക്കുന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ തലമുറയ്ക്കിതെന്തു പറ്റി എന്ന ചോദ്യമാണ് എല്ലായിടത്തും. കുട്ടികളുടെ പ്രവർത്തികളെ പലപ്പോഴും സ്വാഭാവികമായി കാണാൻ കഴിയാത്തതിന്റെ സമ്മർദ്ദം സഹിക്കുകയാണ് മുതിർന്നവർ. പുതിയ തലമുറയെ എല്ലാവരും പഴിചാരിക്കൊണ്ടേയിരിക്കുന്നു. പുതിയ തലമുറയുടെ നന്മകൾ കാണാനോ സന്തോഷത്തോടെ അവരോടിടപഴകാനോ ആരും ശ്രമിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

        പുതിയ തലമുറയ്ക് കാര്യമായിട്ടെന്തെങ്കിലും കുഴപ്പമുണ്ടെന്ന് സമ്മതിച്ചാൽ അവരെ നേരെയാക്കാനുള്ള കഴിവ് നമുക്കില്ലാതെ പോയി എന്നു സമ്മതിക്കൽ കൂടിയാവുമത്. കുട്ടികളുടെ പ്രകൃതി എന്താണെന്നും അതു വികൃതിയാകാതെ അനുയോജ്യമായ വ്യക്തിത്വമായിത്തീരാൻ ചെയ്യേണ്ടെതെന്തെന്നും മനസിലാക്കിയാൽ തീരുന്ന പ്രശ്നമാണ് സത്യത്തിൽ ഇവിടെയുള്ളത്.

        എല്ലാ മനുഷ്യരിലും ജന്തുസഹമായ ജന്മവാസനകൾ ഉണ്ട്. വിശക്കുമ്പോൾ ഭക്ഷണം തേടുന്നതും വിസർജ്യങ്ങളോട് അറപ്പുണ്ടാകുന്നതും ഇണചേരുന്നതുമെല്ലാം ഈ ജന്മവാസനകളുടെ ഫലമാണ്. മനുഷ്യനുൾപ്പെടെ എല്ലാതരം ജീവികൾക്കും പ്രകൃത്യാ ലഭിക്കുന്നതാണിത്. അതു കൊണ്ട് അതിനെ നമുക്ക് പ്രകൃതി എന്നു തന്നെ വിളിക്കാം.

        എന്നാൽ പരിശീലനത്തിലൂടെയും പഠനത്തിലൂടേയും പരിഷ്കരിച്ചെടുക്കുന്നതിനെയാണ് സ്വഭാവം പെരുമാറ്റം എന്നെല്ലാം നാം വിളിക്കുന്നത്. അവ തനിയേ സംഭവിക്കുന്നതല്ല. സാഹചര്യങ്ങൾക്കനുകൂലമായി നാം നടത്തുന്ന പെരുമാറ്റത്തെയാണ് വ്യക്തിത്വമായി നമ്മൾ കണക്കാക്കുന്നത്. അതു നാം പ്രതീക്ഷിക്കുന്ന പോലെ ആയാൽ മികച്ചതായി. ഈ പെരുമാറ്റ പരിഷ്കരണം താരതമ്യേനെ മനുഷ്യരിൽ വേഗത്തിൽ സാധിക്കും. എന്നാൽ മൃഗങ്ങൾക്ക് ദീർഘനാൾ പരിശീലനം നൽകിയാലും ചെറിയ വ്യത്യാസങ്ങളേ സംഭവിക്കൂ.

        സാഹചര്യങ്ങളെയും വ്യക്തികളേയും പരിഗണിക്കാതെയും മറ്റുള്ളവർക്ക് തന്റെ പ്രവർത്തി ദ്രോഹമായിത്തീരുമെന്ന് മനസ്സിലാക്കാതെയും ഒരാൾ ചെയ്യുന്ന കാര്യത്തെ വികൃതി എന്ന് വിളിക്കുന്നതാവും ഉചിതം. ഇങ്ങനെമനസ്സിലാക്കിയാലെ നമുക്ക് ഒരു കുട്ടിയുടെ പ്രവർത്തിയെ തിരിച്ചറിയാൻ പറ്റു. മൂന്നു വയസ്സുകാരനായ ഒരു കുട്ടി ഒരിടത്തും അടങ്ങി ഇരിക്കാതിരിക്കുന്നതും ഉയരത്തിലേക്ക് പിടിച്ചു കയറാൻ ശ്രമിക്കുന്നതുമെല്ലാം പ്രകൃതിയാണ്. അവിടെയുള്ള വസ്തുക്കൾ അലസമായി കൈകാര്യം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വികൃതിയും. എന്നാൽ അവർ മുതിർന്നവരെ പോലെ അനങ്ങാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും അങ്ങനെയാവാത്തതിൽ അസ്വസ്ഥരാവുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ കുട്ടികളുടെ പ്രകൃതിയെ ആണ് നാം വികൃതിയായി കണക്കാക്കുന്നത്

        ഇതു തന്നെയാണ് കൗമാരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. സിനിമയിലേയോ മറ്റോ നായകനെ അനുകരിച്ച് മുടി വെട്ടുന്നതും വസ്ത്രം ധരിക്കുന്നതും എതിർലിംഗത്തിൽപ്പെട്ടവരോട് പ്രണയം തോന്നുന്നതുമെല്ലാം പ്രകൃതിയാണ്. അതൊക്കെ കൗമാരം കഴിയുന്നതോടെ അവസാനിക്കുന്നതുമാണ്.അതു വികൃതിയായി മാറുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം. അതിനുള്ള അവസരങ്ങളും സാഹചര്യങ്ങളുമുണ്ടായതിനാലാണത്. കൗമാരക്കാരിയായ ഒരു പെൺകുട്ടിക്ക് ആൺകുട്ടിയോട് പ്രണയമുണ്ടാവുന്നതോ ഒരു ആൺകുട്ടി അവന്റെ സങ്കല്പത്തിലെ ഏതോ നായകനെപ്പോലെ മുടി നീട്ടി വളർത്തുന്നതോ ഒരു വലിയ പ്രശ്നമല്ലെന്ന വകതിരിവ് ആണ് ആദ്യം ഉണ്ടാവേണ്ടത്. ചില അധ്യാപകരെങ്കിലും മുടി വെട്ടിക്കാത്ത കുട്ടികളോട് കയർക്കുന്നത് കാണുമ്പോൾ എന്റെ കുട്ടിക്കാലത്ത് മുടി നീട്ടി വളർത്തിയതിന് ചൂരലെടുത്തടിച്ച ഉസ്താദിൽ നിന്നും മൊട്ടയടിക്കാത്തതിന് വീടിന് ചുറ്റും ഓടിച്ച വല്യുപ്പയിൽ നിന്നുമൊന്നും ഇവർ വളർന്നിട്ടേയില്ല എന്ന സഹതാപമാണ് ഉണ്ടാവാറുള്ളത്.

        കൗമാരകാലത്തെ ശാരീരിക വളർച്ച ത്വരിതഗതിയിലും വൈവിധ്യത്തിലുമാണെന്ന് അവരെ നിരീക്ഷിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇതേപോലെ ഒരു അതിവേഗ പരിവർത്തനം ആന്തരികമായും നടക്കുന്നുണ്ട്. അതുവരെ ഉണ്ടായിരുന്ന കുട്ടിത്തത്തിന്റെ ഒന്നും അപ്പോൾ മുതൽ കാണാൻ സാധിക്കില്ല. 'ശൈശവത്തിന്റെ തപോ ബലത്തെ കെടുത്തുവാൻ ദേവകൾ ചൊല്ലിയിട്ടോ കൗമാര മൊട്ടടി വെച്ചടുത്തു ' എന്ന് നാലാപ്പാട് കണ്ണുനീർത്തുള്ളിയിൽ കൗമാരത്തെ അവതരിപ്പിക്കുന്നുണ്ട്. വൈകാരിക തീവ്രത, സാമുഹികാംഗീകാരത്തിനുള്ള തീവ്രമായ അഭിലാഷം, സമസംഘങ്ങളുടെ സജീവ സ്വാധീനം സാഹസിക ഭ്രമം എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തിൽ പ്രധാനമാണ്. സ്റ്റാൻലി ഹാളിനെപ്പോലുള്ള മനശാസ്ത്രജ്ഞർ കൊടുങ്കാറ്റുകളുടെ കാലം എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിച്ചത്. ചുറ്റിലും ചോദ്യം ചെയ്യപ്പേടേണ്ട അനീതികൾ, ശാരീരിക മാറ്റങ്ങളും വൈകാരിക ഭാവനകളും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ, ഉത്കണ്ഠകൾ, ആകാംഷകൾ, ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങൾ ഇതെല്ലാമായി പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്ന പ്രഷർ കുക്കറാണ് കൗമാര മനസ്സ്. അവയുടെ അകത്തെ സമ്മർദ്ദത്തെ കളയാനുള്ള സേഫ്റ്റിവാൽവുകൾ പോലും നാം മുറുക്കി കളയുന്നു.

            കൗമാരക്കാരുടെ ഈ സവിശേഷതകളെ തിരിച്ചറിഞ്ഞണ് അവരോട് ഇടപഴകേണ്ടത് . നിരന്തരമായി നടത്തുന്ന കുറ്റപ്പെടുത്തലുകൾ അവരെ ശത്രുപക്ഷത്ത് നിർത്തുക മാത്രമല്ല സാമൂഹ്യ വിരുദ്ധർ പോലുമാക്കുന്നു.

        രണ്ടു വർഷം തന്നെ പഠിപ്പിച്ച അധ്യാപകനെ അടിക്കാൻ ഒരു കുട്ടിക്കു സാധിക്കുന്നുവെങ്കിൽ ഈ രണ്ടു വർഷം കൊണ്ട് അവന്റെ മനസ്സിനെ ഒരു തരത്തിലും സ്വാധീനിക്കാൻ അധ്യാപകർക്കായില്ല എന്നുകൂടി അർത്ഥമില്ലേ. തന്റെ സുഹൃത്തിനെ തൊട്ടവനെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ, അതുപോലെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം നിൽക്കാൻ അവരെ പ്രേരിപ്പിക്കാത്ത ഘടകങ്ങൾ എന്തായിരിക്കുമെന്നല്ലേ നമ്മൾ ആലോചിക്കേണ്ടത്.

        എന്നാൽ പിന്നെ അവർ തോന്നും പോലെ ജീവിച്ചോട്ടെ, അതൊക്കെ പ്രകൃതിയാണല്ലോ എന്നു പറഞ്ഞ് സ്വന്തം ഉത്തരവാദിത്തമൊഴിയുന്നവരാണ് അധ്യാപകരടക്കം ചിലരെങ്കിലും. പ്രകൃതിയെ വികൃതിയായി മാറാതെ മികച്ച വ്യക്തിത്വത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം മുതിർന്നവർക്കല്ലാതെ മറ്റാർക്കാണ്

        അതിന് പല കാര്യങ്ങൾ ഈ കാലത്ത് മാറേണ്ടതുണ്ട്. കുട്ടികൾ ഏതെങ്കിലും വ്യക്തിയുടേതല്ല സമൂഹത്തിന്റെ സ്വത്താണെന്ന ബോധം സൃഷ്ടിക്കാൻ കഴിയുക എന്നതാണ് അതിൽ പ്രധാനം. കുട്ടികളുടെ നേട്ടം എല്ലാവരുടേയും നേട്ടമാവുകയും നന്മ എല്ലാവരുടേയും നന്മയായി മാറുകയും ചെയ്യണം. അവർ സാമൂഹ്യ ബോധത്തോടെയും ഉത്തരവാദിത്തോടേയും വളരേണ്ടത് എല്ലാവരുടേയും ചുമതലയാണെന്ന ബോധമാണ് വളരേണ്ടത് .

                            വിദ്യാലയങ്ങൾ വിദ്യാർത്ഥികളുടേതായി മാറേണ്ടതുണ്ട് എന്നതാണ് മറ്റൊരു കാര്യം.നമ്മുടേതല്ലാത്ത ഇടങ്ങളിൽ നമുക്ക് എത്ര സമയം ചെലവഴിക്കാൻ പറ്റും എന്നൊന്നാലോചിച്ച് നോക്കൂ. ആ അസ്വസ്ഥതയാണ് കുട്ടികളെ വിദ്യാലയങ്ങളുടെ ശത്രുക്കളാക്കിത്തീർക്കുന്നത്. പലപ്പോഴും കൗമാരക്കാർക്ക് സ്കൂൾ തന്റെ ഇടമായേ അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. അധ്യാപകരുടെ പെരുമാറ്റം മുഴുവൻ അവരുടേതാണ് സ്കൂൾ എന്ന മട്ടിലല്ലേ. അതു കൊണ്ടാണ് ഒരു പിറന്നാൾ ദിനത്തിലെങ്കിലും നിറമുള്ള വസ്ത്രം ഇട്ടു വരാൻ അനുവാദം കൊടുക്കണമെന്ന് പറഞ്ഞ് ഒരു വിദ്യാഭ്യാസ ഡയരക്ടർക്ക് സർക്കുലർ ഇറക്കേണ്ടി വരുന്നത്.

        കുട്ടികളെ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർ അതെങ്ങനെ ചെയ്യണമെന്ന് കൂടി പഠിക്കേണ്ടതുണ്ട്. ഉറച്ച തീരുമാനങ്ങൾ എടുക്കാനും ശരി തെറ്റുകൾ തിരിച്ചറിയാനും ഒരാളെ സഹായിക്കുന്ന ഘടകമായാണ് തലച്ചോറിലെ പ്രിഫ്രണ്ടൽ കോർടക്സിനെ കാണുന്നത്. അതു തലച്ചോറിന്റെ വികസനത്തിൽ അവസാന സമയത്താണ് നടക്കുന്നത്. അതായത് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്കില്ല എന്നർത്ഥം. എല്ലാവരും ചെയ്യുന്ന ശരികൾ പ്രത്യേകിച്ച് കൂട്ടുകാരുടെ ശരികൾ അവരുടെയും ശരിയായി മാറും.

        അതിനാൽ സാമൂഹ്യ സ്വീകാര്യമായ ശരികൾ അവരെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമതന്നെയാണ്. ഒരു ദിവസം വിളിച്ച് അടുത്തിരുത്തി പറഞ്ഞു കൊടുക്കേണ്ട ഒന്നല്ല അതെന്ന് നാം തിരിച്ചറിയണം. ഒരുമിച്ച് കുറേ കാര്യങ്ങൾ പറയുകയുമരുത്. കുട്ടികളോട് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ദേഷ്യം വരുന്നവരാണ് പലരും. അതു കൊണ്ട് വിപരീത ഫലങ്ങളേ ഉണ്ടാവൂ. പല സന്ദർഭങ്ങളിലായി നമ്മളും അവരും ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന സമയങ്ങളിലാണ് അവരോട് സംസാരിക്കേണ്ടത്. ഒരുമിച്ചുള്ള യാത്രകള്‍, പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങൾ, ഉത്സവ ദിനങ്ങൾ ഒക്കെയാണ് അതിന് അനുയോജ്യ സന്ദർഭങ്ങൾ.

        ഒരു ഉപകരണം നന്നാക്കാൻ ഒരു മെക്കാനിക്കിനാവുന്നില്ലെങ്കിൽ മെക്കാനിക്ക് ആ ഉപകരണത്തേയും മറ്റുള്ളവർ മെക്കാനിക്കിനേയും കുറ്റപ്പെടുത്തും. കുട്ടികളെ നന്നാക്കാൻ ശ്രമിക്കുന്ന അധ്യാപകരും രക്ഷിതാക്കളും ഈയൊരു യുക്തിയിൽ കാര്യങ്ങൾ കാണാൻ തുടങ്ങിയാൽ മാത്രമേ പ്രശ്നങ്ങളുടെ കാതൽ പിടി കിട്ടുകയുള്ളൂ


KM Shareef
#kmshareef



2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ടെക്നോ പെഡഗോജി കാലത്തെ പഠനം


ടെക്നോ പെഡഗോജി കാലത്തെ പഠനം
കെ. എം. ഷരീഫ്

        ഉപരിവർഗ്ഗത്തിന് മാത്രം ലഭ്യമായിരുന്ന ഓൺലൈൻ പഠനം കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായിരിക്കുന്നു. അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിലും ചരിത്രത്തിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണിത്. ആഗോളസാഹചര്യം പരിശോധിച്ചാൽ ഭൗതിക, മുഖാമുഖ ക്ലാസ്സ്മുറികളിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിലൂടെ വിദ്യാഭ്യാസം നേടുന്നുണ്ട്. ഇൻറർനെറ്റിന്റെ അതിവേഗ സാധ്യതകളെ വിദ്യാഭ്യാസത്തിലേക്ക് ഉപയോഗിക്കാൻ സാധിച്ചതിന്റെ  ഫലമാണിത്. ബോധന രീതിയിൽ വന്ന ഇത്തരമൊരു വിചാരധാരാ മാറ്റവും( paradigm shift) ഇന്ത്യയിൽ ആദ്യം നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

    തൊഴിൽനഷ്ടത്തെ കുറിച്ചുള്ള ആശങ്ക സാങ്കേതിക വിദ്യയിൽ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. യന്ത്രങ്ങളെ ഒരു സഹായക വസ്തുവായി മാത്രം കാണാനാണ് എല്ലാവർക്കും ഇഷ്ടം.  യന്ത്രങ്ങള്‍  മനുഷ്യന്റെ  ജോലി ഭാരത്തെ ലഘൂകരിക്കുകയാണ് എന്ന സാമാന്യ ബോധമാണ് നമുക്കുണ്ടാവേണ്ടത്. സാങ്കേതികവിദ്യാ ബോധനശാസ്ത്രത്തിൻ്റെ കാര്യത്തിലും ഈ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.  മനുഷ്യാധ്വാനം കുറച്ച് , കുറഞ്ഞ ചിലവിൽ കൂടുതൽ ഫലം ഉണ്ടാക്കുകയാണ് എല്ലാ സാങ്കേതികവിദ്യയുടെയും ലക്ഷ്യം. ഇത് തൊഴിലിനെയല്ല , തൊഴിൽ ഭാരത്തെയാണ് ഇല്ലാതാക്കുക.

    2006 ൽ പുണ്യ മിശ്രയും മാത്യു ജെ.കൊഹ് ലറും ചേർന്ന് അവതരിപ്പിച്ച സാങ്കേതിക വിദ്യാ ബോധനോന്മുഖ വിഷയ ജ്ഞാന (Techno Pedagogical content knowledge - TPACK ) മാതൃകയാണ് വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾക്ക്  സൈദ്ധാന്തികമാനം നൽകിയത്. അധ്യാപനത്തിൽ ദൃശ്യ - ശ്രാവ്യ മാധ്യമങ്ങൾ എങ്ങനെ ,  എവിടെയെല്ലാം ഉൾപ്പെടുത്താം എന്ന ചിന്തകളായിരുന്നു അക്കാലത്ത് മുഖ്യമായും നടന്നിരുന്നത്. എഡ്യുക്കേഷൻ ടെക്നോളജി ഒരു സ്വതന്ത്ര വിഷയമായി വളർന്നപ്പോഴും അധ്യാപനത്തിലും പഠനത്തിലും വിവിധ ഉപകരണങ്ങൾ ഏതെല്ലാം തലങ്ങളിൽ ഉപയോഗപ്പെടുത്താം എന്ന മട്ടിലുള്ള ഗവേഷണങ്ങളാണ് പ്രാധാനമായും നടന്നത്. ടെക്നോളജിയെ ഒരു ഊന്നുവടിയായി ഉപയോഗിക്കാം, എന്നാൽ ഒരു സ്ട്രെച്ചറാക്കി മാറ്റരുത് എന്നതായിരുന്നു അധ്യാപകർ സ്വീകരിച്ച നിലപാട്.

എന്താണ് ടെക്നോ പെഡഗോജി?

        1986 ൽ ലീ ഷുൾമാൻ എന്ന വിദ്യാഭ്യാസ മനശാസ്ത്രജ്ഞനാണ്  വിഷയത്തിൻ്റെ ഉള്ളടക്ക സംബന്ധമായ അറിവിനോടൊപ്പം  ഉള്ളടക്കത്തെ എങ്ങനെ മനോഹരമായി ക്ലാസ് മുറിയിൽ അവതരിപ്പിക്കാം എന്ന അറിവ് കൂടി അധ്യാപകര്‍ക്ക വേണം എന്ന വാദം മുന്നോട്ടു വെക്കുന്നത്. പെഡഗോഗിക്കൽ കണ്ടൻ്റ് നോളേജ് എന്നാണ് ഈ കാഴ്ചപ്പാടിനെ അദ്ദേഹം പേരിട്ട് വിളിച്ചത്. പഠിപ്പിക്കുന്ന വിഷയത്തിലെ വൈദഗ്ദ്യം മാത്രമല്ല അധ്യാപനത്തിൽ വിലയിരുത്തപ്പെടേണ്ടത് എന്നും, കുട്ടിയുടെ മാനസികവും സാമൂഹികവും സൈദ്ധാന്തികവുമായ അടിസ്ഥാന കാര്യങ്ങളെ തിരിച്ചറിഞ്ഞ് വിഷയങ്ങളെ അവതരിപ്പിക്കുന്ന ഒരു സർഗ്ഗ പ്രക്രിയ അധ്യാപനത്തിൽ ഉണ്ടാവേണ്ടതുണ്ട് എന്നുമുള്ള കാഴ്ചപ്പാട് ഇതോടെയാണ് രൂപപ്പെടുന്നത്.

        ഇൻ്റർനെറ്റിൻ്റെ വ്യാപനത്തോടെ വിവരസാങ്കേതികവിദ്യാ സാധ്യതകൾ വർദ്ധിക്കുകയും ദൃശ്യ -- ശ്രാവ്യ അനുഭവങ്ങൾ നൽകാനുള്ള വസ്തു എന്നതിൽ കവിഞ്ഞ് നമ്മുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമായി പല ഗാഡ്ജറ്റുകളും മാറുകയും ചെയ്തു. ലോകത്തുള്ള ഭൂരിപക്ഷം കാര്യങ്ങളും ഇൻ്റർനെറ്റ് അധിഷ്ഠിതമായി മാറി. വിദ്യാഭ്യാസത്തിന് മാത്രം അതിൽ നിന്ന് മാറി നിൽക്കുക സാധ്യമല്ലെന്ന് മാത്രമല്ല അത് വിഡ്ഡിത്തവുമാണ്. ലോകപ്രസിദ്ധരായ പലരുടേയും ക്ലാസുകൾ വെർച്വൽ ക്ലാസ് മുറികളിൽ ഇരുന്നനുഭവിക്കുക എന്നത് സാധാരണമായിക്കഴിഞ്ഞു. അധ്യാപന  -ബോധന സഹായികളായി നിൽക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തിന് പകരം പലതരം ഓൺലൈൻ സാധ്യതകളെ ഉപയോഗിക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറുകയും ചെയ്തു.

        കമ്പ്യൂട്ടറോ മറ്റു ഗാഡ്ജറ്റുകളോ അധ്യാപനത്തിൽ ഉപയോഗിക്കുക എന്നതിൽ കവിഞ്ഞ് ഇൻറർനെറ്റിൻ്റെ  സാധ്യതകളെ  ക്ലാസിൽ പ്രയോഗിക്കാനുള്ള അറിവ് അധ്യാപകർക്കുണ്ടാവേണ്ടതുണ്ട്. സോഫ്റ്റുവെയർ അപ്രോച്ച്‌,  ഹാർഡുവെയർ അപ്രോച്ച് സിസ്റ്റംഅപ്രോച്ച്  തുടങ്ങിയ രീതികളായിരുന്നു എഡ്യുക്കേഷനൽ ടെക്നോളജി മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ടെക്നോ പെഡഗോജി യാഥാർത്ഥ്യമായതോടെ സമീപനത്തേക്കാൾ പ്രധാനം സന്ദർഭങ്ങളാണ് എന്ന് വന്നു. സന്ദർഭത്തിന് അനുയോജ്യമായ സമീപനം തെരെഞ്ഞെടുക്കുകയും അവയിൽ മൗലികമായ ചിന്ത കൂടി ഉൾചേർത്ത് ക്ലാസിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ടെക്നോ പെഡഗോജി എന്ന സങ്കല്പം പൂർത്തിയാവുന്നത്. വെറും തെരെഞ്ഞെടുപ്പ് എന്നതിൽ കവിഞ്ഞ് അധ്യാപകരുടെ സർഗ്ഗാത്മകചിന്ത കൂടി ഇവിടെ പ്രധാനമാണ് എന്നർത്ഥം.

        നേരിട്ടുള്ള അനുഭവങ്ങൾ നൽകാവുന്നിടത്തെല്ലാം അവ നൽകുകയും സാധ്യമല്ലാത്തിടത്ത് കമ്പ്യൂട്ടറധിഷ്ഠിത ഗാഡ്ജറ്റുകൾ ഉപയോഗിക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് നേരിട്ടുള്ള അനുഭവങ്ങൾക്കൊപ്പം ഓൺലൈൻ സാധ്യതകൾ ഉപയോഗിക്കുകയും ചില സന്ദർഭങ്ങളിൽ തിരിച്ചും ചെയ്യുകയാണ് ടെക്നോ പെഡഗോജിയുടെ തത്വം. ക്ലാസ് മുറിയിൽ ഒരു പരീക്ഷണത്തിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗൂഗ്ൾ ഫോം , ഗൂഗ്ൾ സ്ലൈഡ്സ് പോലുള്ള സാധ്യതകൾ ഉപയോഗിച്ച് ചർച്ച തുടരാവുന്നതാണ്. അതേപോലെ ഓൺലൈൻ വഴി ലഭിച്ച ഒരു ക്ലാസിൻ്റെ തുടർ പ്രവർത്തനം മറ്റു ഭൗതിക സാഹചര്യങ്ങളിൽ പൂർത്തീകരിക്കുകയും ചെയ്യാം. ഇങ്ങനെ സാന്ദർഭികവും അനുയോജ്യവും മൗലികവുമായ സാങ്കേതിക ബോധന സാധ്യതകളെ കുറിച്ചുള്ള അറിവാണ് ടെക്നോ പെഡഗോജി എന്ന് പറയാം. കേവലമായ ഒരു വീഡിയോ നിർമ്മാണം എന്നതിന്നപ്പുറത്ത് കുട്ടികൾക്ക് ബൗദ്ധികവും മാനസികവും ചാലകവുമായ വികസന സാധ്യതകൾക്ക് ഉതകുന്ന നിരവധി കാര്യങ്ങൾ തയ്യാറാക്കാൻ അധ്യാപകർ പക്വത നേടേണ്ടിയിരിക്കുന്നു. പാഠ്യവസ്തുക്കളെ വിശദമാക്കുന്നതിന്നപ്പുറത്ത് ക്ലാസ് മുറികളെ ആനന്ദകരവും സജീവവുമാക്കുന്നതിനുള്ള ക്രിയേറ്റിവിറ്റിയാണ് പെഡഗോജിക്കൽ നോളജ്. സന്ദർഭത്തിനനുയോജ്യമായ രീതിയിൽ കുട്ടികൾക്ക് മികച്ച പഠനാനുഭവം കൊടുക്കുന്നതിന് വേണ്ടി സാങ്കേതികകാര്യങ്ങളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് പാഠ്യവസ്തുവിനെ അവതരിപ്പിക്കുന്നതിന് ക്രിയാത്മകമായ തീരുമാനങ്ങളെടുക്കലാണ് ടെക്നോ പെഡഗോജിക്കൽ കണ്ടൻ്റ് നോളജ്.


ഡിജിറ്റൽ ടാക്സോണമി       
        1956 ൽ ബഞ്ചമിൻ എസ്.ബ്ലും എന്ന അമേരിക്കൻ മനശാസ്ത്രജ്ഞനാണ് പഠന ലക്ഷ്യങ്ങളെ നിർവചിക്കണമെന്നും കേവലമായ ബുദ്ധിവികാസത്തിൻ്റെ അപ്പുറത്തേക്ക് വൈകാരികവും മാനസികവുമായ പ്രവർത്തനങ്ങൾ കൂടി പഠനത്തിൽ പരിഗണിക്കപ്പെടണമെന്നുമുള്ള കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നത്. പക്ഷെ അദ്ദേഹം വിശദീകരിച്ചത് ബൗദ്ധിക മണ്ഡലത്തെ കുറിച്ച് മാത്രമായതിനാൽ ഓർമ്മ പരീക്ഷണങ്ങൾ നമ്മുടെ എല്ലാ വിദ്യാഭ്യാസഘട്ടത്തിലും ഉറച്ചുപോയി. 2001 ൽ ലോറിസ് ആൻഡേഴ്സണിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം കൊഗ്നിറ്റീവ് മന:ശാസ്ത്രജ്ഞർ ചേർന്ന് ബ്ലൂമിൻ്റെ പഠനോദ്ദേശ്യശ്രേണിയെ നവീകരിക്കുകയുണ്ടായി. വിദ്യാഭ്യാസലക്ഷ്യത്തിലെ ഏറ്റവും ഉയർന്ന ശേഷി എന്നത് സൃഷ്ടിപരതയാണ് എന്നും ഒരു കാര്യത്തെ വിലയിരുത്താനുള്ള ശേഷി അതിനു താഴെ വരുമെന്നും അവർ സിദ്ധാന്തിച്ചു.അപഗ്രഥിക്കാനുള്ള ശേഷി, പ്രയോഗിക്കാനുള്ള ശേഷി എന്നിങ്ങനെ താഴോട്ടുള്ള ഒരു ചിന്താക്രമത്തെയും അവർ പുനഃക്രമീകരിച്ചു. ഒപ്പം വെറും വസ്തുതാപരമായ അറിവിൽ നിന്ന് സ്വനിർമ്മിത ജ്ഞാനത്തിലേക്ക് ഉയരുന്ന മറ്റൊരു തലം കൂടി ബൗദ്ധികമണ്ഡലത്തിൽ പ്രവർത്തിക്കുന്നു എന്നും അവർ സമർത്ഥിച്ചു. ഓർമ്മിച്ചെടുക്കുക എന്നത് ഏറ്റവും താഴെനിൽക്കുന്ന, താരതമ്യേനെ ചിന്താപ്രക്രിയ ആവശ്യമില്ലാത്ത ഒന്നാണ് എന്നതിനാൽ ഈ ക്രമത്തിൽ ഏറ്റവും താഴെയാണ് അതിൻ്റെ സ്ഥാനം. ഈ  ക്രമത്തെ ഡിജിറ്റൽ ലോകത്തേക്ക് മാറ്റിയെഴുതാനുള്ള ശ്രമമാണ് ഡിജിറ്റൽ ടാക്സോണമി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
        ഡിജിറ്റൽ ലോകത്ത് സർഗ്ഗസൃഷ്ടി ആവശ്യമുള്ള ഡിസൈനിംഗ്, പ്രോഗ്രാമിംഗ്, ആനിമേറ്റിംഗ് തുടങ്ങി ഷോർട് ഫിലിം നിർമ്മാണം ,വീഡിയോ ബ്ലോഗിങ്ങ് അങ്ങനെ പോകുന്ന കാര്യങ്ങളായിരിക്കും ഉയർന്ന ചിന്താ പ്രക്രിയകളായി പരിഗണിക്കുക. അതേ സമയം ലൊക്കേറ്റിംഗ്, ഫൈൻറിംഗ് ,സോഷ്യൽ നെറ്റുവർകിം‌ഗ്, ഗൂഗ്ലിംഗ് പോലുള്ളവ ഏറ്റവും താഴ്ന്ന ചിന്താപ്രക്രിയകളായിരിക്കും. അഥവാ കേവലമായ ഓർമ്മയ്ക്ക് പകരം ഡിജിറ്റൽ ലോകത്ത് അവ ഗൂഗ്ൾ ചെയ്യാനുള്ള കഴിവ് ഉണ്ടായാൽ മതി എന്ന് സാരം.

ഓൺലൈൻ പരീക്ഷകൾ


            ഡിജിറ്റൽ ടാക്സോണമി വിശദമാക്കാനുള്ള കാരണം ഒരു ഓൺലൈൻ പരീക്ഷയിലൂടെ എന്താണ് പരിശോധിക്കപ്പെടേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടാകാനാണ്. ഓൺലൈൻ പരീക്ഷ പ്രഹസനമാണ് എന്നും പുസ്തകം നോക്കിയോ ഗൂഗ്ളിൽ പരതിയോ കുട്ടിക്ക് ഉത്തരം കണ്ടെത്താനാവും എന്നും പറയുന്ന അധ്യാപകരുണ്ട്. കുട്ടിക്ക് നോക്കി എഴുതാൻ മാത്രം കഴിയുന്ന , അല്ലെങ്കിൽ അവരുടെ ഓർമ്മ പരിശോധിക്കാൻ മാത്രം പ്രാപ്തമായ ചോദ്യങ്ങൾ തയാറാക്കാൻ മാത്രമേ അധ്യാപകർക്ക്  കഴിയുന്നുള്ളൂ എന്ന പരിമിതിയാണ് ഇവിടെ യഥാർത്ഥ പ്രശ് നമായിട്ടുള്ളത്.
            പകരം പോഡ്കാസ്റ്റിംഗ്, വീഡിയോ കാസ്റ്റിംഗ് തുടങ്ങി ബ്ലോഗ് പോസ്റ്റിംഗും ലിങ്കിംഗുമെല്ലാം മികച്ച ശേഷികൾ തന്നെയാണെന്ന ചിന്തയാണ് അധ്യാപകർക്കുണ്ടാവേണ്ടത്. ഒരു വിഷയം/പ്രശ്നം നൽകി അപഗ്രഥിക്കാൻ പറഞ്ഞാൽ ഒരു കുട്ടിയുടെ ശേഷി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നതാണ് വസ്തുത. ഓർമയോ ഗ്രഹണമോ മാത്രം പരീക്ഷിക്കേണ്ട ഘട്ടത്തിൽ അതിന് സഹായിക്കുന്ന, നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ ഡിസേബ്ൾ ആയിപ്പോകുന്ന ടെലഗ്രാം ക്വിസ്, ഗൂഗ്ൾ ക്വിസ്, കഹൂട്ട്, മെൻറിമീറ്റർ തുടങ്ങി അനേകം ഓൺലൈൻ ടൂളുകളുടെ സാധ്യതകളും ഓൺലൈൻ പരീക്ഷയിൽ ഉപയോഗിക്കാൻ സാധിക്കും.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ


        ഓൺലൈൻ വിദ്യാഭ്യാസ മാതൃകകൾ പഠന ക്രയ എന്നതിൽ കവിഞ്ഞ് വിശാലമായ ഒരു പഠന പരിസ്ഥിതി കൂടിയാണ് സൃഷ്ടിക്കുന്നത്. കാലം, ദേശം, സമയം തുടങ്ങിയ പരിമിതികൾ ഇതിന് ബാധകമല്ല.സ്വയം നിയന്ത്രിത (self-paced) പഠനമാണ് അതിന്‍റെ പ്രധാന സ്വഭാവം. പഠിതാവ് സ്വന്തം സമയക്രമം സ്വയം നിശ്ചയിച്ച് തന്റെ സൗകര്യത്തിനും താല്പര്യത്തിനുമനുസരിച്ച് ക്രമീകരിക്കുന്ന അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയെയാണ് സ്വയംനിയന്ത്രിത പഠനം എന്ന് പറയുന്നത്. പാഠ ഭാഗത്തിന്‍റെ ഉള്ളടക്കം പഠിതാവിനു ഓൺലൈനിൽ എപ്പോഴും ലഭ്യമാണ്. പല വിദേശ യുണിവേഴ്സിറ്റിയുടേയും ഓൺലൈൻ കോഴ്സുകളിൽ ഒരാൾക്ക് എപ്പോൾ വേണമെങ്കിലും പ്രവേശനം നേടാം. സ്വന്തം കഴിവും വേഗതയുമനുസരിച്ച് എപ്പോൾ വേണമെങ്കിലും പൂർത്തീകരിക്കുകയും ചെയ്യാം.
        സാധാരണ മുഖാമുഖ ക്ലാസ്മുറിയുടെ പരിമിതികളിലൊന്ന് വ്യക്തി വ്യത്യാസങ്ങളെ പൂർണമായും പരിഗണിക്കാൻ കഴിയില്ല എന്നതാണ്. ക്ലാസിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന കുട്ടിയോ ശരാശരി കുട്ടിയോ ആയിരിക്കും അധ്യാപകരുടെ പരിഗണനയിൽ എപ്പോഴുമുണ്ടാവുക. അവരെ അഡ്രസ് ചെയ്തു കൊണ്ടേ അവർക്ക് സംസാരിക്കാൻ സാധിക്കൂ. ഓരോ കുട്ടിയുടേയും പേസ് ലവൽ വളരെ വ്യത്യാസപ്പെട്ടിരിക്കും. ചില വിഷയങ്ങൾ ചിലർക്ക് വേഗത്തിൽ പഠിക്കാൻ കഴിയുമ്പോൾ ചിലത് കൂടുതൽ സമയം എടുത്ത് പഠിക്കേണ്ടതും ഉണ്ടാവും. ഈ പ്രശ്നം ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉണ്ടാവുന്നില്ല. അതിൽ ഓരോ വിദ്യാർത്ഥിക്കും ആവശ്യമായ സമയമെടുത്ത്, ലഭ്യമായ പഠനരീതികളിൽ നിന്നു തനിക്കനുയോജ്യമായ മാർഗം തെരഞ്ഞെടുത്ത് മുന്നോട്ടു പോകാം. പാഠ്യവസ്തുക്കളെ മനസ്സിലാക്കാനുള്ള ശേഷിക്കനുസൃതമായി പഠനവേഗം മാറ്റാം. വിവിധങ്ങളായ ജ്ഞാന സമ്പാദന വിഭവങ്ങളിൽ നിന്ന് അനുയോജ്യമായവ തെരഞ്ഞെടുത്ത് വിഷയവുമായി കൂടുതൽ അർഥപൂർണമായ സംവേദനം നടത്തുകയും ചെയ്യാം. അധികമായി ലഭിക്കുന്ന സമയം ക്രിയാത്മകമായി ചെലവഴിക്കുകയുമാവാം.

        മുഖാമുഖ ക്ലാസുകൾക്കൊപ്പം ഓൺലൈൻ പഠനം കൂടി നടത്താവുന്ന ഹൈബ്രിഡ് ലേണിംഗ് നൽകുന്ന സാധ്യതകളും വലുതാണ്. പരമ്പരാഗതമായ ക്ലാസ് റൂം പ്രവർത്തനങ്ങളും ഓൺലൈൻ പഠന സാധ്യതകളും കൂട്ടിച്ചേർത്ത് നടത്തുന്ന രീതിയാണ് മിശ്രിത പഠനം (Blended Learning). മുഖാമുഖ പഠനവും ഓൺലൈൻ പ്രവർത്തനങ്ങളും സമന്വയിപ്പിച്ച് കാര്യക്ഷമവും ഫലപ്രദവും സൗകര്യപ്രദവുമായ പഠനം സാധ്യമാക്കുന്നതിനായി സ്വീകരിക്കാവുന്ന അയവാർന്ന ഒരു സമീപനമെന്ന് മിശ്രിത പഠനത്തെ നിർവചിക്കാം.  ഫീൽഡ് വർക്ക്, ജനസമ്പർക്കം, പരീക്ഷണങ്ങൾ എന്നിവ കൊണ്ടു മാത്രം ഫലപ്രദമായി പഠിക്കാൻ കഴിയുന്ന വിഷയങ്ങൾ നിരവധിയാണ്. അവ ഓഫ് ലൈൻ ആയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ ഓൺലൈനായും ചെയ്യാൻ ഈ ഫ്ലെക്സിബിലിറ്റി നമ്മെ സഹായിക്കുന്നുണ്ട്. സമയബന്ധിതമായി പഠനം പൂർത്തികരിക്കണം, ഹാജർ നിർബന്ധമാക്കണം എന്നൊക്കെ താല്പര്യപ്പെടുന്ന അധ്യാപകർക്ക് ഈരീതി യാണ് അഭികാമ്യം. മിശ്രിതപഠനത്തിൻ്റെ ബോധനശാസ്ത്രം ഏതാണ്ട് ക്ലാസുറൂം പഠനത്തിന്റെ തത്വങ്ങൾക്ക് അനുസരിച്ചാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഓൺലൈൻ ക്ലാസിനു മുൻപ് ഹാജർ എടുത്തും, നേരത്തെ റെക്കോർഡ് ചെയ്ത ക്ലാസ്സ് വീഡിയോകൾ ടൈംടേബിൾ വച്ചു കാണിച്ചും വാട്സ്ആപ്പ് വഴിയോ മറ്റോ അസൈൻമെൻറുകൾ ഫോട്ടോ എടുത്തും പി ഡി. എഫ്. ആക്കി അയച്ചു കൊടുത്തുമാണ് ഇപ്പോൾ ഹൈബ്രിഡ് പഠനരീതികൾ മുന്നോട്ട് പോകുന്നത് .  സ്വയം നിയന്ത്രിത പഠനത്തിന്റെ ബോധനശാസ്ത്രം തുറന്നു തരുന്ന പല സാധ്യതകളും ബ്ലൻഡഡ് ലേണിംഗ് മോഡലിലും ഫലപ്രദമായി ഉൾപ്പെടുത്താൻ കഴിയും.

        ക്ലാസ് റൂം പ്രവർത്തനങ്ങളെയും ഗൃഹപാഠത്തെയും കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ തകിടംമറിക്കുന്ന മറ്റൊരു പഠനരീതിയാണ് ഫ്ലിപ്ഡ് ലേണിംഗ്. വാക്ക് സൂചിപ്പിക്കുന്ന പോലെ തല തിരിക്കുന്ന അഥവാ ഫ്ലിപ്പുചെയ്യുന്ന ഒരു മിശ്രിതപഠന മാതൃകയാണ് ഫ്ലിപ്പ്ഡ് ക്ലാസ്റൂം. ഇവിടെ ക്ലാസുകൾ നടക്കുന്നതിന് മുൻപാണ് ഗൃഹപാഠങ്ങൾ പൂർത്തീകരിക്കേണ്ടത്. ക്ലാസുറൂം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പാഠഭാഗവുമായ ബന്ധപെട്ട മെറ്റീരിയലുകളുമായി വിവിധ സ്രോതസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് സംവദിക്കാൻ അവസരം നൽകുന്നു. പിന്നീട് പുതിയ വിവരങ്ങൾ ചർച്ചചെയ്യാനും ,ആശയങ്ങൾ പ്രായോഗികമാക്കാനും അവർ ക്ലാസ്മുറികളെ  ഉപയോഗിക്കുന്നു. വിപരീത ഗൃഹപാഠരീതി എന്നു പറയാം.

വിവിധ വെർച്വൽ ക്ലാസ് മുറികൾ

            മീറ്റിംഗുകളും ഗ്രൂപ്പ് വീഡിയോകോളുകളും ചെയ്യാൻ ഉപയോഗിക്കുന്ന വിവിധ തരം ആപ്പുകളെയാണ് ഇപ്പോൾ വ്യാപകമായി ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗിക്കുന്നത്. ഗൂഗ്ൾമീറ്റ്, സൂം, സ്വതന്ത്ര സോഫ്റ്റുവെയറായ ജിറ്റ്സി മുതൽ മൈക്രോസോഫ്റ്റിൻ്റെ ടീംസ്, വെബെക്സ്. സ്കൈപ് പോലുള്ളവ വരെ അധ്യാപനത്തിന് ഉപയോഗിക്കുന്നവയായി മാറി. യൂട്യൂബ്, വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

        സാധാരണ ക്ലാസ്സ്മുറികൾക്ക് ഏകദേശം സമാനമായി ഓൺലൈൻ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാൻ വിദ്യാലയങ്ങളെ സഹായിക്കുന്ന ധാരാളം പ്ലാറ്റ്ഫോമുകൾ ഇന്ന് ലഭ്യമാണ്. വിവിധ രൂപത്തിലുള്ള മെറ്റീരിയലുകൾ, ലിങ്കുകൾ എന്നിവ അപ് ലോഡ് ചെയ്ത് അസെൻമെൻറുകൾ, പരീക്ഷകൾ എന്നിവ നൽകി ചാറ്റ് ബോക്സ് ഉപയോഗിച്ച് സാധാരണ ക്ലാസ്സ്മുറി പോലെ പഠനം നടത്താൻ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഗൂഗ്ൾ ക്ലാസ്സ്റൂം. മൊബൈൽ ആപ് ഉപയോഗിച്ചോ ഇൻറർനെറ്റ് ബ്രൗസറുകൾ വഴിയോ ഈ ക്ലാസ് നടത്താം. മെറ്റീരിയലുകളും ചാറ്റുമെല്ലാം ക്ലൗഡ് സിസ്റ്റത്തിൽ സുരക്ഷിതമായിരിക്കും എന്നതിനാൽ എപ്പോഴും എവിടെവെച്ചും പ്രാപ്യമാക്കാൻ സാധിക്കുകയും ചെയ്യും

    മൂഡ്ൽ (MOODLE) പോലുള്ള പഠന സംവിധാനങ്ങളും(LMS) വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വെർച്വൽ പഠനസഹായിയാണ്. മാർട്ടിൻ ഡോഗിയാമാസ് എന്ന ആസ്ട്രേലിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ച ഈ സ്വതന്ത്ര സോഫ്റ്റുവെയർ ഓൺലൈൻ ക്ലാസുകളുടെ അനന്തസാധ്യതകളാണ് നമുക്ക് തുറന്ന് തരുന്നത്. പഠിതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഉപകരണങ്ങളും സഹകരണ അദ്ധ്യാപനത്തെയും പഠനത്തെയും ശാക്തീകരിക്കുന്ന  വ്യത്യസ്ത ടൂളുകളും മൂഡിൽ നൽകുന്നുണ്ട്. മെറ്റീരിയലുകൾ സേവ് ചെയ്തു വെക്കുന്നതിനായി വാർഷിക ഫീസ് ആവശ്യമാണ്. എന്നാൽ ഗ്നോമിയോ മൂഡ്ൽ(gnomio moodle) പൂർണമായും സൗജന്യമായി ഉപയോഗിക്കാം

        മനശ്ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടാകുന്ന വളർച്ച വളരെ പെട്ടെന്നു തന്നെ പഠനബോധന പ്രക്രിയകളിൽ പ്രകടമാവാറുണ്ട്. എന്നാൽഇത്തരമൊരു മുന്നേറ്റം സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. പഠനനാനുഭവങ്ങൾക്ക് സഹായകമായി നിൽക്കുക, വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം സാങ്കേതിക ഉപകരണങ്ങളെ ഉപയോഗിക്കുക എന്നതായിരുന്നു വിവരസാങ്കേതികവിദ്യയുടെ വളർച്ചാഘട്ടത്തിൽ പോലും അധ്യാപകർ  സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ അനന്ത സാധ്യതകളിലേക്ക് തുറന്നുവെച്ച ജാലകമാണ് ഓൺലൈൻ എന്നു നമ്മളിപ്പോള്‍ വിളിക്കുന്ന ഐ.സി.ടി.അധിഷ്ഠിത പഠനം. ജൈവിക ക്ലാസ്മുറിയെ ഉപേക്ഷിച്ചു കൊണ്ടല്ല, അതിനോട് ഉൾച്ചേർത്ത് കൊണ്ടാവണം വെർച്വൽ പ്ലാറ്റ്ഫോമുകളെ കൂടി വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കേണ്ടത്.അതിൽ നിന്നും മാറി നിൽക്കുക എന്നതിനർത്ഥം കാലത്തിന് പുറംതിരിഞ്ഞുനിർക്കുക എന്നു കൂടിയാണ്.

KM Shareef
#kmshareef, #km shareef

സ്നേഹത്തിന്റെ വിവർത്തന ഭാഷകൾ

സ്നേഹത്തിന്റെ വിവർത്തന ഭാഷകൾ
കെ. എം. ഷരീഫ്



        നല്ല ആരോഗ്യവും ദീർഘായുസും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ശരീരപുഷ്ടിക്കായി വ്യായാമത്തിനും, ഭക്ഷണക്രമത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ശാരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന തിരിച്ചറിവിലേക്ക് പലരും എത്തിയിട്ടില്ല
        ശരീരപോഷണത്തിന്  ഭക്ഷണമെന്ന പോലെ മാനസിക പോഷണത്തിന് എന്താണ് നൽകേണ്ടതെന്ന് നാമെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടികൾക്ക് പോഷകാഹാരങ്ങൾ നൽകാൻ ശ്രദ്ധിക്കുന്ന നാം അവരുടെ മാനസികാവശ്യങ്ങളെ ശ്രദ്ധിക്കാതെ പോകുന്നു. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്. അതിന്റെ വിനിമയം സാധ്യമാവുന്നതാവട്ടെ സവിശേഷമായ ഒരു ഭാഷയിൽ മാത്രവും. സ്നേഹിക്കപ്പെടുക എന്നതാണ് മാനസികമായ വിശപ്പുകളിൽ ഒന്നാമത്തേത്. അതിനുള്ള ഭക്ഷണം അറിഞ്ഞു വിളമ്പുന്നിടത്തേക്ക് ആളുകൾ ഓടിക്കൊണ്ടേയിരിക്കും.
        മനസ്സിന്റെ സമാധാനം എന്നത് സന്തോഷം തന്നെയാണ്. സന്തോഷത്തേടെയിരിക്കുന്ന സന്ദർഭങ്ങളെയാണ് മനസ്സമാധാനത്തോടെ ഇരുന്ന സന്ദർഭമായി പരിഗണിക്കുക. അതിനു വേണ്ടിയാണ് നാം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സന്തോഷം മാത്രമായി ഒരു ജീവിതമില്ല എന്നതാണ് യാഥാർത്ഥ്യം. പ്രയാസങ്ങളും സങ്കടങ്ങളുമുള്ളത് കൊണ്ടാണ് അവ പരിഹരിക്കപ്പെടുമ്പോൾ സന്തോഷം ലഭിക്കുന്നത്. മുന്തിരി പിഴിയാതെ വീഞ്ഞുണ്ടാക്കാനാവില്ല എന്നതാണ് ശരി.
        സന്തുഷ്ടമായി കടന്നു പോയ സന്ദർഭങ്ങളെ പരമാവധി ഓർത്തെടുക്കലാണ് മനസ്സമാധനത്തിനു നല്ലത്. എന്നാൽ കഴിഞ്ഞു പോയ സങ്കടങ്ങളെ ഓർത്തെടുക്കുകയാണ് പലരുടേയും സ്വഭാവം. ഭൂതകാലം തിരിച്ചെടുക്കാനാവാത്ത വിധം ചരിത്രമായതാണ്. ഭാവിയാകട്ടെ പ്രവചനങ്ങൾക്കു പോലും അതീതമാം വിധം ദുരൂഹവും. എന്നിട്ടും നമ്മൾ കഴിഞ്ഞതിനെ അയവിറക്കിയും ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെട്ടും ആരോഗ്യത്തെ ഇല്ലാതാക്കുകയാണ്. വർത്തമാനകാലത്തിൽ സന്തോഷത്തോടെ ജീവിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
        മുതിർന്നവരുടേയും കുട്ടികളുടെയും മാനസികാവശ്യങ്ങൾ വ്യത്യസ്തമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. കുട്ടിയുടെ വളർന്ന രൂപമാണ് മുതിർന്നവരുടെ ശരീരമെന്നതു പോലെ  കുട്ടിക്കാലത്ത് രൂപപ്പെട്ട മാനസിക ആവശ്യങ്ങളുടെ വളർന്ന രൂപമാണ് മുതിർന്നവരുടേതും. മൂന്ന് വയസ്സിലാണ് മാനസികാവശ്യങ്ങൾ ആരംഭിക്കുന്നത്. സ്പർശം, പരിഗണന എന്നിവയാണ് ഈ പ്രായത്തിലെ പ്രധാന ആവശ്യങ്ങൾ. സ്പർശത്തിനായുള്ള വിശപ്പ് എന്നാണ് മനശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. 'എന്നെ എടുക്കാമോ', എനിക്കൊരുമ്മ തരാമോ? എന്നൊക്കെ ചോദിക്കുന്ന കുട്ടിയും 'എന്നെ ഇപ്പോൾ തിരിഞ്ഞു നോക്കുന്നേ ഇല്ല' എന്നു പരാതി പറയുന്ന വൃദ്ധരുമെല്ലാം ഈ വിശപ്പിനാൽ വലയുന്നവർ തന്നെ. നമ്മോട് കാണിക്കുന്ന കരുതലും സ്നേഹപൂർണമായ ഒരു തലോടലുമൊക്കെയല്ലേ പലരും നമ്മുടെ പ്രിയപ്പെട്ടവരാവാൻ കാരണം.
    ആറാം വയസ്സിൽ ആരംഭിക്കുന്ന മാനസികാവശ്യങ്ങളാണ് അംഗീകാരത്തിനുള്ള ആഗ്രഹം, സംസാരിക്കാനും കേട്ടിരിക്കാനും ഒരാളെ കിട്ടാനുള്ള ദാഹം, കൂട്ടുകൂടാനുള്ള കൊതി എന്നിവ. കമ്യൂണിക്കേഷൻ സാധ്യതകൾ വർദ്ധിച്ച ഒരു കാലഘട്ടത്തിൽ നമുക്കിടയിൽ നടക്കേണ്ട നേരിട്ടുള്ള സംസാരം കുറഞ്ഞു പോവുകയും പരോക്ഷ വിനിമയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങൾ വർദ്ധിക്കുകയും ചെയ്തു. സ്നേഹബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലും നിലനിർത്തുന്നതിലും പരസ്പരം നൽകുന്ന അംഗീകാരത്തിനും പരസ്പരമുള്ള സംസാരത്തിനും ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. പ്രയാസങ്ങളിൽ കൂടെ നിൽക്കുന്നവരെ നാം എക്കാലത്തും ഹൃദയത്തിൽ തന്നെ കാത്തുവെക്കും. കുട്ടികളുടെ പ്രയാസങ്ങളിൽ കൂടെ നിൽക്കേണ്ടത് മാതാപിതാക്കളും പരസ്പരം താങ്ങും തണലുമാവേണ്ടത് ജീവിത പങ്കാളികളുമാണ്.
    പുരുഷനും സ്ത്രീക്കും കുട്ടിക്കും ലഭിക്കേണ്ട പരിഗണനകളുടെ രീതിക്ക് ചെറിയ വ്യത്യാസങ്ങളുണ്ട്. പുരുഷൻ എപ്പേഴും നേട്ടങ്ങൾക്ക് പുറകേയാവും. 'നിങ്ങളെപ്പോലെ ഒരാളെ കിട്ടിയതാണ് എന്റെ സൗഭാഗ്യം' എന്നാണ് പുരുഷൻ കേൾക്കാനാഗ്രഹിക്കുന്നതെങ്കിൽ താൻ നന്നായി കെയർ ചെയ്യപ്പെടുന്നുണ്ട് എന്നറിയാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നും ചില വീടുകളിലെങ്കിലും സ്ത്രീയെ വ്യക്തിയായി പോലും പരിഗണിക്കപ്പെടുന്നില്ല. സ്നേഹമെന്നത് പരസ്പരാവകാശമാണ്  എന്നും അതു കൊടുത്തും വാങ്ങിയുമാണ് വളരുക എന്നുമുള്ള തിരിച്ചറിവാണ് നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുക. അതേപോലെ എനിക്കാവണം ഈ വീട്ടിൽ മുഖ്യ പരിഗണന എന്നാണ് കുട്ടി ആശിക്കുന്നത്.
    കുടുംബ ബന്ധങ്ങളിൽ പരസ്പരമുള്ള വിട്ടുവീഴ്ചകൾ പ്രധാനമാണ്. തോറ്റു കൊടുക്കാനുള്ള ഒരു മനസ്സാണ് ഇതിനു വേണ്ടത്. പരസ്പരം അംഗീകരിക്കപ്പെടുന്ന സന്ദർഭത്തിലേ ഇതു സാധ്യമാവൂ. ഗാന്ധിജി മുന്നോട്ടുവെച്ച ഒരു സമരരീതി പോലും ഇതായിരുന്നല്ലോ. വള്ളത്തോൾ ഗാന്ധിജിയെ കൊണ്ട് പറഞ്ഞ 'ത്യാഗമെന്നതേ നേട്ടം'  സൗഹൃദങ്ങളേയും നല്ല ബന്ധങ്ങളേയും ശക്തിപ്പെടുത്തും.
    കുട്ടി ഉച്ചക്ക് ഭക്ഷണം കഴിച്ചോ എന്ന് ആശങ്കപ്പെടുന്ന അമ്മ കുട്ടിക്ക് മനസ്സമാധാനം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല. അംഗീകാരം കാംക്ഷിക്കുന്ന കുട്ടിക്ക് കിട്ടുന്നതാവട്ടെ കുറ്റപ്പെടുത്തലുകൾ മാത്രം. സ്പർശം, അംഗീകാരം, പരിഗണന, കൂടെ കൂട്ടൽ, നല്ല ശ്രോതാവാകൽ എന്നിങ്ങനെയുള്ള സ്നേഹത്തിന്റെ ഭാഷകൾ ഉപയോഗിക്കാനുള്ള ഒരു മനസ്സും ഞാൻ മാത്രമല്ല ജയിക്കേണ്ടത് എന്ന ചിന്തയുമുണ്ടായാൽ മനസ്സമാധാനമുള്ള ഒരു ജീവിതം കിട്ടുമെന്നതിൽ ആശങ്ക വേണ്ട .
    ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുക മനസ്സ് ശാന്തമായും ശക്തമായും നിൽക്കുമ്പോഴാണ്. മനസ്സിനു ശക്തി കിട്ടാൻ മനസ്സിനെ പോഷിപ്പിക്കണം. ചെയ്യുന്ന ജോലി എന്തുമാവട്ടെ അതിനെ ആസ്വദിക്കാനാവുക എന്നതാണ് പ്രധാനം. ഒപ്പം മാനസിക സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുള്ള സമയവും കണ്ടെത്തണം. അതിനുള്ള മാർഗ്ഗങ്ങളിൽ വലിയ വ്യക്തി വ്യത്യാസം കാണും. ചിലർക്ക് യാത്ര, മറ്റു ചിലർക്ക് സൗഹൃദം, വായന അങ്ങനെ പോവുന്നു അതിന്റെ വഴികൾ. തന്റെ ആനന്ദത്തിന്റെ വഴി കണ്ടെത്തി അതിനായി സമയം നീക്കിവെക്കാനുള്ള തീരുമാനമെടുക്കാനുള്ള മനശ്ശക്തി ഉണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് എന്നും യൗവനയുക്തമായി തുടരും.
(തത്സമയം വെള്ളിയാഴ്ച്ചയിൽ വന്ന ലേഖനം)

KM Shareef
#kmshareef

2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

പ്രിയ ജലീൽ സാർ - ഓർമ്മക്കുറിപ്പ്

സ്നേഹത്തിന്റെ പച്ചപ്പ് മായാത്ത ഹെർബേറിയങ്ങൾ



        വെള്ളമെല്ലാം ഒഴുകിയിട്ട് പിന്നെ അണ കെട്ടിയിട്ടെന്തു കാര്യം മിസ്റ്റർ ? നളചരിതം ആട്ടക്കഥയിലെ ഒരു വാചകത്തിൻ്റെ മനോഹരമായ മലയാള വിവർത്തനമാണിത് .

'' പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ ?"

എന്നാണ് നളചരിതത്തിൽ കലി ദേവന്മാരോട് ചോദിക്കുന്നത്. ജലീൽ സാറിനെ കുറിച്ച് നല്ല വാക്കുകൾ പറയാൻ അവസരം ലഭിക്കുമ്പോഴൊക്കെ അദ്ദേഹം എപ്പോഴും പറയാറുള്ള ഈ വാചകം ഓർമ്മ വരും. നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്ന സ്നേഹവും ബഹുമാനവും, വെള്ളമെല്ലാം ഒഴുകിയ ശേഷം അണകെട്ടുന്ന പോലെ ആയോ എന്ന ഒരു വിങ്ങൽ തൊണ്ടയിൽ തങ്ങും.

        വളരെ ധൃതി പിടിച്ച് നടന്നിരുന്ന, എല്ലാറ്റിലും ധൃതി കാണിച്ചിരുന്ന ഈ മനുഷ്യൻ, ഇത്ര വേഗം തനിക്ക് മടങ്ങിപ്പോവേണ്ടി വരുമെന്ന് സ്വയം വിചാരിച്ചിരുന്നോ ? പോകും മുൻപ് ചെയ്ത് തീർക്കാനുള്ള കാര്യങ്ങളായിരുന്നോ അദ്ദേഹത്തെ ധൃതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.

        ജലീൽ സാറിനെ കുറിച്ച് പറയുമ്പോൾ മൂന്ന് കോണുകളിൽ നിന്ന് നോക്കേണ്ടി വരും. ആ വ്യക്തിത്വത്തിൻ്റെ സഹജഭാവങ്ങൾക്ക് പുറത്താണ് ചുമതലാബോധവും ഉത്തരവാദിത്വവുമുള്ള അധ്യാപകൻ, മികച്ച അക്കാദമീഷ്യന്‍ എന്നിവ. ജീവിതത്തെ ഒട്ടൊരു തമാശയോടെയാണ് ജലീൽസാർ കണ്ടിരുന്നതെന്ന് തോന്നുന്നു.

            ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് നമ്മുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമായിപ്പോകുന്ന ചിലരുണ്ട്. അതിലൊരാളാവും തീർച്ചയായും ജലീൽ എന്ന വ്യക്തി. എല്ലാറ്റിനേയും നർമ്മത്തോടെ സമീപിക്കാൻ കഴിയും സാറിന്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ സ്വയം കോമാളിയായി മാറും. രണ്ടു പേർ മാത്രമാവുമ്പോൾ സ്നേഹം തന്ന് വീർപ്പു മുട്ടിക്കും. സ്വകാര്യമായി വീട്ടിൽ കൊണ്ടു പോയോ, ഹോട്ടലിൽ കയറ്റിയോ സൗഹൃദമൂട്ടും. അപ്പോഴെല്ലാം ചിന്താമഗ്നനായി ഇരിക്കുന്ന ഇയാൾ എന്തൊരു മനുഷ്യനാണെന്ന് നാം അത്ഭുതപ്പെടും.

            തൻ്റെ പരിചയവൃന്ദത്തിലുൾപ്പെട്ട വരെ, തൊഴിൽപരമായോ മറ്റോ ഉള്ള വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ പരിഗണിക്കാൻ അദ്ദേഹം കാണിച്ച സൂക്ഷ്മത, മനുഷ്യത്വത്തിൻ്റെ പശിമയാർന്ന അടയാളമായി ജീവിതത്തിൽ പകർത്താവുന്ന മാതൃകയാണ് . താൻ കയറിയ ഓട്ടോയുടെ ഡ്രൈവറോടും, തനിക്ക് ഹോട്ടലിൽ ചായകൊണ്ടുവരുന്ന കുട്ടിയോടും, വിശേഷങ്ങൾ ചോദിച്ചും, കുശലം പറഞ്ഞും ജീവിതത്തെ സ്നേഹഭരിതമാക്കിയ ആ മനുഷ്യനെ അവരൊന്നും ഓർക്കാതിരിക്കില്ല. സഹായ മനസ്ഥിതിക്ക് പരിമിതിയില്ലായിരുന്നു ഈ മനുഷ്യന്. തൻ്റെ കയ്യിൽ ഇല്ലല്ലോ എന്ന് അദ്ദേഹം ചിന്തിച്ചിട്ടേ ഇല്ല.

        ജലീൽ സാറിൻ്റെ കൂടെ താമസിക്കുകയും കുറേയധികം യാത്രകൾ നടത്തുകയും ചെയ്‌ത ഞങ്ങളുടെ സഹപ്രവർത്തകൻ കെ.എം.ഫിറോസ് ബാബുവിന് എന്നും സ്റ്റാഫ് റൂമിൽ വന്ന് പറയാൻ ധാരാളം കഥകൾ ഉണ്ടായിരുന്നു. പലതും പൊട്ടിച്ചിരിക്കാവുന്നയാവും. എങ്കിലും അവയ്ക്കിടയിൽ പ്രകാശിക്കുന്ന മനുഷ്യത്വത്തിൻ്റെ മിന്നലുകൾക്കായിരിക്കും തെളിച്ചം കൂടുതൽ. അവർ നെല്ലിയാമ്പതിയിലേക്ക് ഒരിക്കൽ നടത്തിയ യാത്രയെക്കുറിച്ച് ഫിറോസ് പലവട്ടം പറഞ്ഞിട്ടുണ്ട്. പഠനാവശ്യാർത്ഥം ചില പ്ലാൻ്റുകൾ ശേഖരിക്കാനാണ് അവിടെ പോകുന്നത്. അവിടത്തെ മനുഷ്യർ ജലീൽ സാറിനെ സ്വീകരിക്കുന്നത് കണ്ടാൽ അദ്ദേഹം ആ നാട്ടുകാരനാണെന്ന് തോന്നിപ്പോകുമത്രെ. കാട്ടിനുള്ളിലേക്കുള്ള യാത്രാ മധ്യേ അവിടെയുള്ള ചായക്കടക്കാരനോട് കുറേ തമാശകൾ പറഞ്ഞ ശേഷം ജലീൽ സാർ ഏതാനും പാക്കറ്റ് പല തരം പലഹാരങ്ങൾ വാങ്ങി. പൊതുവേ ഭക്ഷണത്തിനോടോ കൊറിക്കലിനോടോ താല്പര്യം ഇല്ലാത്ത മാഷ് എന്തിനാ ഇതു വാങ്ങുന്നത് എന്ന് ഫിറോസ് അത്ഭുതപ്പെട്ടു. തനിക്കു വേണ്ടിയാവുമോ ? അതു കൊണ്ട് പല തവണ വിലക്കി പക്ഷെ ഒരു വലിയ പലഹാരക്കെട്ടുകളുമായിട്ടായിരുന്നു പിന്നീടുള്ള കാടുകയറ്റം. ഏറെ നേരം നടന്ന് അദ്ദേഹത്തിന് വേണ്ട ചെടികളൊക്കെ ശേഖരിച്ച ശേഷം ഇനി നമുക്ക് പുതിയ വഴി പോകാമെന്നായി. കാടുകാണാൻ കിട്ടിയ അവസരമായതിനാൽ വിലക്കിയില്ല. എന്നാൽ അവർ പോയത് വളരേ ദരിദ്രരായ, ഷീറ്റുമറച്ച വീടുകൾ വെച്ച് കാട്ടിൽ താമസിക്കുന്ന, മുതുവാൻ മാർ എന്ന വിഭാഗത്തിൽ പെട്ട ജനങ്ങളുടെ അടുത്തേക്കായിരുന്നു. സാറെ കണ്ടപ്പോൾ കുറേ കുട്ടികൾ ഓടിയടുത്തു. വസ്ത്രങ്ങൾ പോലും ഇല്ലാത്ത കുറേ പട്ടിണിക്കോലങ്ങൾ. അവർക്കു നൽകാനായിരുന്നു ഈ പലഹാരപ്പൊതികൾ. ഇടക്കിടെ ചെല്ലാറുണ്ടായിരുന്ന ജലീൽ സാറിൻ്റെ പലഹാരപ്പൊതികൾ അവർ ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവുമോ ?

            എൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് മർക്കസ് ഹയർ സെക്കണ്ടറി സ്കൂളിലാണ്. അവിടെ ഹയർ സെക്കണ്ടറി തുടങ്ങിയ ആദ്യ ദിവസം തന്നെ ജലീൽ സാറും ജോയിൻ ചെയ്തിരുന്നു. ഞങ്ങൾ വരുമ്പോഴേക്കും അദ്ദേഹം സ്കൂളിൻ്റെ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ പിന്നീട് വന്ന ഞങ്ങളോട് ഒട്ടൊരു അധികാര സ്വരത്തിലായിരുന്നു മാഷ് സംസാരിച്ചിരുന്നത്. അത് തൻ്റെ തൊഴിലിനോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയുമായിരുന്നു എന്നും അധികാരമായിരുന്നില്ല അവകാശമായിരുന്നു എന്നും തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി. ആ മനുഷ്യൻ ഒറ്റയ്ക്ക് ചുമതലകൾ ചുമലിലേറ്റുകയും ഞങ്ങളുടെ ഭാരം കുറക്കുകയുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ നിമിഷം മുതൽ സാറിനോടൊപ്പം നിന്ന് തന്നെ പ്രവർത്തിക്കാൻ സാധിച്ചിരുന്നു എന്ന ചാരിതാർത്ഥ്യമാണ് ഇപ്പോഴത്തെ സമാധാനം.

            ജലീൽ സാറിൻ്റെ വിദ്യാർത്ഥികളോടുള്ള സ്നേഹവും അടുപ്പവും ഞങ്ങൾക്ക് തിരിച്ചറിയാനായത് അദ്ദേഹം ക്ലാസ് അധ്യാപകനായ വർഷത്തിലാണ്. ഓരോ കുട്ടിയേയും അറിഞ്ഞു പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. തങ്ങൾക്ക് നൽകിയ ശിക്ഷകൾ പോലും ഒരു പുഞ്ചിരിയോടെയായിരിക്കും ശിക്ഷ കിട്ടിയ കുട്ടികൾ ഇപ്പോൾ ഓർക്കുന്നുണ്ടാവുക. അത്രമേൽ തികഞ്ഞ ചുമതലാബോധവും ഉത്തരവാദിത്വവും കാണിച്ച ഒന്നായിരുന്നു ജലീൽ സാറിൻ്റെ അധ്യാപക ജീവിതം.

            എന്നാൽ അവയ്ക്കിടയിലും അദ്ദേഹം സ്വതസിദ്ധമായ ചില തമാശകൾ കാണിക്കുമായിരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥി പഠിക്കാതിരുന്നതിന് കാരണം കാലിൻ്റെ മുട്ടിന് വേദന ആയതിനാലാണെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴുമുണ്ടോ, നല്ല വേദനയുണ്ടോ? എന്നൊക്കെയുള്ള സാറിൻ്റെ ഗൗരവപൂർണമായ ചോദ്യങ്ങൾക്ക് ഉണ്ട് എന്നായിരുന്നു മറുപടി. പിന്നെ കാണുന്നത് സ്കൂൾ മുറ്റത്തേക്ക് ഒരു ഓട്ടോ വരുന്നതാണ്. കുട്ടിയേയും കൂട്ടി നേരെ ഉഴിച്ചിൽ വിദഗ്ധനായ ഗുരുക്കളുടെ അടുത്തേക്ക്. അന്ന് സാറിൻ്റെ കാലു പിടിച്ചാണ് ആ കുട്ടി തലയൂരിയത്. പിന്നീടൊരിക്കലും അവൻ അധ്യാപകരോട് കളവ് പറഞ്ഞിട്ടുണ്ടാവില്ല.

            പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിലേക്ക് മാറിയപ്പോഴും അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം പ്രകടിപ്പിച്ച ഉത്തരവാദിത്വബോധം കണ്ടറിയാൻ സാധിച്ചിട്ടുണ്ട്. യു.ജി.സി. മൈനോറിറ്റി കോച്ചിംഗ് സെൻ്ററിൻ്റെ ചുമതലയിൽ ഉണ്ടായിരുന്നപ്പോഴും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായിരുന്നപ്പോഴുമെല്ലാം കോളേജിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ അവിടെ ചെന്നിട്ടുണ്ട്. ക്ലാസ് ഏല്പിച്ചാലും എത്തുന്നത് വരെ ഫോളോ അപ് ചെയ്തു കൊണ്ടേയിരിക്കുമായിരുന്നു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറായിരിക്കെ അദ്ദേഹം ചെയ്ത സേവന പ്രവർത്തനങ്ങൾ വിസ്മയകരമാണ്. മറ്റെന്തിലുമേറെ മനുഷ്യത്വമാണ് ഈ പ്രവർത്തനങ്ങളിലെല്ലാം മുന്തി നിൽക്കുക.

        ഗവേഷണം ഒരു പി.എച്ച്.ഡി. ബിരുദ ലഭ്യതയോടെ അവസാനിപ്പിക്കേണ്ട ഒന്നല്ല എന്നും ജലീൽ സാർ എന്ന പ്രഗൽഭനായ അക്കാദമീഷ്യൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആൻഡമാൻ ദ്വീപുകളിലടക്കം തൻ്റെ ഗവേഷണാവശ്യത്തിനായി മാത്രം അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. മരണ ശേഷവും ഈ ലോകത്ത് എക്കാലത്തേക്കും നിലനിൽക്കാൻ പര്യാപ്തമായ നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്‌. ചെറിയ ജീവിതത്തിനിടക്ക് അദ്ദേഹം കണ്ടെത്തിയ ഗവേഷണഫലങ്ങൾ പലതും സസ്യ ശാസ്ത്രമേഖലയിലെ പ്രധാനപ്പെട്ട അക്കാദമിക മുതൽക്കൂട്ടുകളാണ്. കണ്ണൂരിൽ നിന്ന് കണ്ടെത്തിയ ഒരു പ്ലാൻ്റ് ജലീൽ സാറിൻ്റെ അക്കാദമിക ജീവിതത്തിന് സാക്ഷ്യമായി Cleistanthus travancorensis var. jaleelianus എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകവസാനം വരെ ആ സസ്യം ജലീലിയാനസ് ആയിത്തന്നെ നിലനിൽക്കും.

            ജീനിയസും സറ്റയറും ചേർന്ന ഒരു ജലീലിയനിസം ആ ജീവിതത്തിലുടനീളം നമുക്ക് കാണാൻ സാധിക്കും. അതിൽ നമുക്ക് പകർത്താൻ ഏറെയുണ്ട്. മരിച്ച മഹാൻമാർ പിന്നീട് നക്ഷത്രങ്ങളായി ഉദിക്കുമെന്നായിരുന്നു കുട്ടിക്കാലത്തെ വിശ്വാസം. ആരുടെയോ വന്യമായ ആ ഭാവന യാഥാർത്ഥ്യമാവുകയാണെങ്കിൽ അകലങ്ങളിലെവിടെയോ ഇരുന്ന് ഇതെല്ലാം വായിച്ച് ജലീൽ സാർ പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്നുണ്ടാവും. എന്നിട്ട് ചോദിക്കും 'വാട്ട് മിസ്റ്റർ യു ആർ ?’


KM Shareef

#kmshareef