2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

കുട്ടികള്‍ ലോകത്തെ പ്രണയിക്കട്ടെ



കുട്ടികള്‍ ലോകത്തെ പ്രണയിക്കട്ടെ

കെ. എം. ഷരീഫ് 


                    കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി 2002 മെയ് മാസത്തിൽ ന്യുയോർക്കിൽ ചേർന്ന പ്രത്യേക യു.എൻ.സമ്മേളനമാണ് കുട്ടികൾക്കനുയോജ്യമായ ലോകം (A world fit for child) എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന രേഖ പുറത്തിറക്കിയത്. ലോകത്ത് ഏറ്റവും പീഡനം അനുഭവിക്കുന്നവർ കുഞ്ഞുങ്ങളാണ് എന്ന തിരിച്ചറിവാണ് ഐക്യരാഷ്ട്രസഭയെ ഇങ്ങനെയൊരു സമ്മേളനത്തിന് പ്രേരിപ്പിച്ചത്. പഠനത്തിന്റേയും പെരുമാറ്റത്തിന്റെയും പേരിലാണ് കുട്ടികൾ ഏറ്റവുമധികം വേദനകൾ സഹിക്കേണ്ടി വരുന്നത്. കുട്ടികളെ വഴക്കു പറയാത്ത ഏതെങ്കിലും വീടുകൾ ലോകത്തുണ്ടാവുമോ എന്ന് സംശയമാണ്. എവിടെയാണ് , എപ്പോഴാണ് അവർക്ക് സന്തോഷമുള്ള ഒരു ലോകം നമുക്കൊരുക്കിക്കൊടുക്കാൻ കഴിയുക?

        കൗമാരകാലത്തെ കൗതുകങ്ങളെ മനസ്സിലാക്കാൻ സാധിക്കാതെ അതിന്റെ പേരിൽ പരിഭ്രമിക്കുന്ന രക്ഷിതാക്കളുടേയും അധ്യാപകരുടേയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ തലമുറയ്ക്കിതെന്തു പറ്റി എന്ന ചോദ്യമാണ് എല്ലായിടത്തും. കുട്ടികളുടെ പ്രവർത്തികളെ പലപ്പോഴും സ്വാഭാവികമായി കാണാൻ കഴിയാത്തതിന്റെ സമ്മർദ്ദം സഹിക്കുകയാണ് മുതിർന്നവർ. പുതിയ തലമുറയെ എല്ലാവരും പഴിചാരിക്കൊണ്ടേയിരിക്കുന്നു. പുതിയ തലമുറയുടെ നന്മകൾ കാണാനോ സന്തോഷത്തോടെ അവരോടിടപഴകാനോ ആരും ശ്രമിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

        പുതിയ തലമുറയ്ക് കാര്യമായിട്ടെന്തെങ്കിലും കുഴപ്പമുണ്ടെന്ന് സമ്മതിച്ചാൽ അവരെ നേരെയാക്കാനുള്ള കഴിവ് നമുക്കില്ലാതെ പോയി എന്നു സമ്മതിക്കൽ കൂടിയാവുമത്. കുട്ടികളുടെ പ്രകൃതി എന്താണെന്നും അതു വികൃതിയാകാതെ അനുയോജ്യമായ വ്യക്തിത്വമായിത്തീരാൻ ചെയ്യേണ്ടെതെന്തെന്നും മനസിലാക്കിയാൽ തീരുന്ന പ്രശ്നമാണ് സത്യത്തിൽ ഇവിടെയുള്ളത്.

        എല്ലാ മനുഷ്യരിലും ജന്തുസഹമായ ജന്മവാസനകൾ ഉണ്ട്. വിശക്കുമ്പോൾ ഭക്ഷണം തേടുന്നതും വിസർജ്യങ്ങളോട് അറപ്പുണ്ടാകുന്നതും ഇണചേരുന്നതുമെല്ലാം ഈ ജന്മവാസനകളുടെ ഫലമാണ്. മനുഷ്യനുൾപ്പെടെ എല്ലാതരം ജീവികൾക്കും പ്രകൃത്യാ ലഭിക്കുന്നതാണിത്. അതു കൊണ്ട് അതിനെ നമുക്ക് പ്രകൃതി എന്നു തന്നെ വിളിക്കാം.

        എന്നാൽ പരിശീലനത്തിലൂടെയും പഠനത്തിലൂടേയും പരിഷ്കരിച്ചെടുക്കുന്നതിനെയാണ് സ്വഭാവം പെരുമാറ്റം എന്നെല്ലാം നാം വിളിക്കുന്നത്. അവ തനിയേ സംഭവിക്കുന്നതല്ല. സാഹചര്യങ്ങൾക്കനുകൂലമായി നാം നടത്തുന്ന പെരുമാറ്റത്തെയാണ് വ്യക്തിത്വമായി നമ്മൾ കണക്കാക്കുന്നത്. അതു നാം പ്രതീക്ഷിക്കുന്ന പോലെ ആയാൽ മികച്ചതായി. ഈ പെരുമാറ്റ പരിഷ്കരണം താരതമ്യേനെ മനുഷ്യരിൽ വേഗത്തിൽ സാധിക്കും. എന്നാൽ മൃഗങ്ങൾക്ക് ദീർഘനാൾ പരിശീലനം നൽകിയാലും ചെറിയ വ്യത്യാസങ്ങളേ സംഭവിക്കൂ.

        സാഹചര്യങ്ങളെയും വ്യക്തികളേയും പരിഗണിക്കാതെയും മറ്റുള്ളവർക്ക് തന്റെ പ്രവർത്തി ദ്രോഹമായിത്തീരുമെന്ന് മനസ്സിലാക്കാതെയും ഒരാൾ ചെയ്യുന്ന കാര്യത്തെ വികൃതി എന്ന് വിളിക്കുന്നതാവും ഉചിതം. ഇങ്ങനെമനസ്സിലാക്കിയാലെ നമുക്ക് ഒരു കുട്ടിയുടെ പ്രവർത്തിയെ തിരിച്ചറിയാൻ പറ്റു. മൂന്നു വയസ്സുകാരനായ ഒരു കുട്ടി ഒരിടത്തും അടങ്ങി ഇരിക്കാതിരിക്കുന്നതും ഉയരത്തിലേക്ക് പിടിച്ചു കയറാൻ ശ്രമിക്കുന്നതുമെല്ലാം പ്രകൃതിയാണ്. അവിടെയുള്ള വസ്തുക്കൾ അലസമായി കൈകാര്യം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വികൃതിയും. എന്നാൽ അവർ മുതിർന്നവരെ പോലെ അനങ്ങാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും അങ്ങനെയാവാത്തതിൽ അസ്വസ്ഥരാവുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ കുട്ടികളുടെ പ്രകൃതിയെ ആണ് നാം വികൃതിയായി കണക്കാക്കുന്നത്

        ഇതു തന്നെയാണ് കൗമാരത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. സിനിമയിലേയോ മറ്റോ നായകനെ അനുകരിച്ച് മുടി വെട്ടുന്നതും വസ്ത്രം ധരിക്കുന്നതും എതിർലിംഗത്തിൽപ്പെട്ടവരോട് പ്രണയം തോന്നുന്നതുമെല്ലാം പ്രകൃതിയാണ്. അതൊക്കെ കൗമാരം കഴിയുന്നതോടെ അവസാനിക്കുന്നതുമാണ്.അതു വികൃതിയായി മാറുന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം. അതിനുള്ള അവസരങ്ങളും സാഹചര്യങ്ങളുമുണ്ടായതിനാലാണത്. കൗമാരക്കാരിയായ ഒരു പെൺകുട്ടിക്ക് ആൺകുട്ടിയോട് പ്രണയമുണ്ടാവുന്നതോ ഒരു ആൺകുട്ടി അവന്റെ സങ്കല്പത്തിലെ ഏതോ നായകനെപ്പോലെ മുടി നീട്ടി വളർത്തുന്നതോ ഒരു വലിയ പ്രശ്നമല്ലെന്ന വകതിരിവ് ആണ് ആദ്യം ഉണ്ടാവേണ്ടത്. ചില അധ്യാപകരെങ്കിലും മുടി വെട്ടിക്കാത്ത കുട്ടികളോട് കയർക്കുന്നത് കാണുമ്പോൾ എന്റെ കുട്ടിക്കാലത്ത് മുടി നീട്ടി വളർത്തിയതിന് ചൂരലെടുത്തടിച്ച ഉസ്താദിൽ നിന്നും മൊട്ടയടിക്കാത്തതിന് വീടിന് ചുറ്റും ഓടിച്ച വല്യുപ്പയിൽ നിന്നുമൊന്നും ഇവർ വളർന്നിട്ടേയില്ല എന്ന സഹതാപമാണ് ഉണ്ടാവാറുള്ളത്.

        കൗമാരകാലത്തെ ശാരീരിക വളർച്ച ത്വരിതഗതിയിലും വൈവിധ്യത്തിലുമാണെന്ന് അവരെ നിരീക്ഷിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇതേപോലെ ഒരു അതിവേഗ പരിവർത്തനം ആന്തരികമായും നടക്കുന്നുണ്ട്. അതുവരെ ഉണ്ടായിരുന്ന കുട്ടിത്തത്തിന്റെ ഒന്നും അപ്പോൾ മുതൽ കാണാൻ സാധിക്കില്ല. 'ശൈശവത്തിന്റെ തപോ ബലത്തെ കെടുത്തുവാൻ ദേവകൾ ചൊല്ലിയിട്ടോ കൗമാര മൊട്ടടി വെച്ചടുത്തു ' എന്ന് നാലാപ്പാട് കണ്ണുനീർത്തുള്ളിയിൽ കൗമാരത്തെ അവതരിപ്പിക്കുന്നുണ്ട്. വൈകാരിക തീവ്രത, സാമുഹികാംഗീകാരത്തിനുള്ള തീവ്രമായ അഭിലാഷം, സമസംഘങ്ങളുടെ സജീവ സ്വാധീനം സാഹസിക ഭ്രമം എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തിൽ പ്രധാനമാണ്. സ്റ്റാൻലി ഹാളിനെപ്പോലുള്ള മനശാസ്ത്രജ്ഞർ കൊടുങ്കാറ്റുകളുടെ കാലം എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിച്ചത്. ചുറ്റിലും ചോദ്യം ചെയ്യപ്പേടേണ്ട അനീതികൾ, ശാരീരിക മാറ്റങ്ങളും വൈകാരിക ഭാവനകളും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ, ഉത്കണ്ഠകൾ, ആകാംഷകൾ, ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങൾ ഇതെല്ലാമായി പൊട്ടിത്തെറിക്കാൻ തയ്യാറായി നിൽക്കുന്ന പ്രഷർ കുക്കറാണ് കൗമാര മനസ്സ്. അവയുടെ അകത്തെ സമ്മർദ്ദത്തെ കളയാനുള്ള സേഫ്റ്റിവാൽവുകൾ പോലും നാം മുറുക്കി കളയുന്നു.

            കൗമാരക്കാരുടെ ഈ സവിശേഷതകളെ തിരിച്ചറിഞ്ഞണ് അവരോട് ഇടപഴകേണ്ടത് . നിരന്തരമായി നടത്തുന്ന കുറ്റപ്പെടുത്തലുകൾ അവരെ ശത്രുപക്ഷത്ത് നിർത്തുക മാത്രമല്ല സാമൂഹ്യ വിരുദ്ധർ പോലുമാക്കുന്നു.

        രണ്ടു വർഷം തന്നെ പഠിപ്പിച്ച അധ്യാപകനെ അടിക്കാൻ ഒരു കുട്ടിക്കു സാധിക്കുന്നുവെങ്കിൽ ഈ രണ്ടു വർഷം കൊണ്ട് അവന്റെ മനസ്സിനെ ഒരു തരത്തിലും സ്വാധീനിക്കാൻ അധ്യാപകർക്കായില്ല എന്നുകൂടി അർത്ഥമില്ലേ. തന്റെ സുഹൃത്തിനെ തൊട്ടവനെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ, അതുപോലെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം നിൽക്കാൻ അവരെ പ്രേരിപ്പിക്കാത്ത ഘടകങ്ങൾ എന്തായിരിക്കുമെന്നല്ലേ നമ്മൾ ആലോചിക്കേണ്ടത്.

        എന്നാൽ പിന്നെ അവർ തോന്നും പോലെ ജീവിച്ചോട്ടെ, അതൊക്കെ പ്രകൃതിയാണല്ലോ എന്നു പറഞ്ഞ് സ്വന്തം ഉത്തരവാദിത്തമൊഴിയുന്നവരാണ് അധ്യാപകരടക്കം ചിലരെങ്കിലും. പ്രകൃതിയെ വികൃതിയായി മാറാതെ മികച്ച വ്യക്തിത്വത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം മുതിർന്നവർക്കല്ലാതെ മറ്റാർക്കാണ്

        അതിന് പല കാര്യങ്ങൾ ഈ കാലത്ത് മാറേണ്ടതുണ്ട്. കുട്ടികൾ ഏതെങ്കിലും വ്യക്തിയുടേതല്ല സമൂഹത്തിന്റെ സ്വത്താണെന്ന ബോധം സൃഷ്ടിക്കാൻ കഴിയുക എന്നതാണ് അതിൽ പ്രധാനം. കുട്ടികളുടെ നേട്ടം എല്ലാവരുടേയും നേട്ടമാവുകയും നന്മ എല്ലാവരുടേയും നന്മയായി മാറുകയും ചെയ്യണം. അവർ സാമൂഹ്യ ബോധത്തോടെയും ഉത്തരവാദിത്തോടേയും വളരേണ്ടത് എല്ലാവരുടേയും ചുമതലയാണെന്ന ബോധമാണ് വളരേണ്ടത് .

                            വിദ്യാലയങ്ങൾ വിദ്യാർത്ഥികളുടേതായി മാറേണ്ടതുണ്ട് എന്നതാണ് മറ്റൊരു കാര്യം.നമ്മുടേതല്ലാത്ത ഇടങ്ങളിൽ നമുക്ക് എത്ര സമയം ചെലവഴിക്കാൻ പറ്റും എന്നൊന്നാലോചിച്ച് നോക്കൂ. ആ അസ്വസ്ഥതയാണ് കുട്ടികളെ വിദ്യാലയങ്ങളുടെ ശത്രുക്കളാക്കിത്തീർക്കുന്നത്. പലപ്പോഴും കൗമാരക്കാർക്ക് സ്കൂൾ തന്റെ ഇടമായേ അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. അധ്യാപകരുടെ പെരുമാറ്റം മുഴുവൻ അവരുടേതാണ് സ്കൂൾ എന്ന മട്ടിലല്ലേ. അതു കൊണ്ടാണ് ഒരു പിറന്നാൾ ദിനത്തിലെങ്കിലും നിറമുള്ള വസ്ത്രം ഇട്ടു വരാൻ അനുവാദം കൊടുക്കണമെന്ന് പറഞ്ഞ് ഒരു വിദ്യാഭ്യാസ ഡയരക്ടർക്ക് സർക്കുലർ ഇറക്കേണ്ടി വരുന്നത്.

        കുട്ടികളെ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർ അതെങ്ങനെ ചെയ്യണമെന്ന് കൂടി പഠിക്കേണ്ടതുണ്ട്. ഉറച്ച തീരുമാനങ്ങൾ എടുക്കാനും ശരി തെറ്റുകൾ തിരിച്ചറിയാനും ഒരാളെ സഹായിക്കുന്ന ഘടകമായാണ് തലച്ചോറിലെ പ്രിഫ്രണ്ടൽ കോർടക്സിനെ കാണുന്നത്. അതു തലച്ചോറിന്റെ വികസനത്തിൽ അവസാന സമയത്താണ് നടക്കുന്നത്. അതായത് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്കില്ല എന്നർത്ഥം. എല്ലാവരും ചെയ്യുന്ന ശരികൾ പ്രത്യേകിച്ച് കൂട്ടുകാരുടെ ശരികൾ അവരുടെയും ശരിയായി മാറും.

        അതിനാൽ സാമൂഹ്യ സ്വീകാര്യമായ ശരികൾ അവരെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമതന്നെയാണ്. ഒരു ദിവസം വിളിച്ച് അടുത്തിരുത്തി പറഞ്ഞു കൊടുക്കേണ്ട ഒന്നല്ല അതെന്ന് നാം തിരിച്ചറിയണം. ഒരുമിച്ച് കുറേ കാര്യങ്ങൾ പറയുകയുമരുത്. കുട്ടികളോട് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ ദേഷ്യം വരുന്നവരാണ് പലരും. അതു കൊണ്ട് വിപരീത ഫലങ്ങളേ ഉണ്ടാവൂ. പല സന്ദർഭങ്ങളിലായി നമ്മളും അവരും ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന സമയങ്ങളിലാണ് അവരോട് സംസാരിക്കേണ്ടത്. ഒരുമിച്ചുള്ള യാത്രകള്‍, പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങൾ, ഉത്സവ ദിനങ്ങൾ ഒക്കെയാണ് അതിന് അനുയോജ്യ സന്ദർഭങ്ങൾ.

        ഒരു ഉപകരണം നന്നാക്കാൻ ഒരു മെക്കാനിക്കിനാവുന്നില്ലെങ്കിൽ മെക്കാനിക്ക് ആ ഉപകരണത്തേയും മറ്റുള്ളവർ മെക്കാനിക്കിനേയും കുറ്റപ്പെടുത്തും. കുട്ടികളെ നന്നാക്കാൻ ശ്രമിക്കുന്ന അധ്യാപകരും രക്ഷിതാക്കളും ഈയൊരു യുക്തിയിൽ കാര്യങ്ങൾ കാണാൻ തുടങ്ങിയാൽ മാത്രമേ പ്രശ്നങ്ങളുടെ കാതൽ പിടി കിട്ടുകയുള്ളൂ


KM Shareef
#kmshareef



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ