ടെക്നോ പെഡഗോജി കാലത്തെ പഠനം
കെ. എം. ഷരീഫ്
കെ. എം. ഷരീഫ്
ഉപരിവർഗ്ഗത്തിന് മാത്രം ലഭ്യമായിരുന്ന ഓൺലൈൻ പഠനം കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമായിരിക്കുന്നു. അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിലും ചരിത്രത്തിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണിത്. ആഗോളസാഹചര്യം പരിശോധിച്ചാൽ ഭൗതിക, മുഖാമുഖ ക്ലാസ്സ്മുറികളിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിലൂടെ വിദ്യാഭ്യാസം നേടുന്നുണ്ട്. ഇൻറർനെറ്റിന്റെ അതിവേഗ സാധ്യതകളെ വിദ്യാഭ്യാസത്തിലേക്ക് ഉപയോഗിക്കാൻ സാധിച്ചതിന്റെ ഫലമാണിത്. ബോധന രീതിയിൽ വന്ന ഇത്തരമൊരു വിചാരധാരാ മാറ്റവും( paradigm shift) ഇന്ത്യയിൽ ആദ്യം നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
തൊഴിൽനഷ്ടത്തെ കുറിച്ചുള്ള ആശങ്ക സാങ്കേതിക വിദ്യയിൽ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. യന്ത്രങ്ങളെ ഒരു സഹായക വസ്തുവായി മാത്രം കാണാനാണ് എല്ലാവർക്കും ഇഷ്ടം. യന്ത്രങ്ങള്‍ മനുഷ്യന്റെ ജോലി ഭാരത്തെ ലഘൂകരിക്കുകയാണ് എന്ന സാമാന്യ ബോധമാണ് നമുക്കുണ്ടാവേണ്ടത്. സാങ്കേതികവിദ്യാ ബോധനശാസ്ത്രത്തിൻ്റെ കാര്യത്തിലും ഈ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യാധ്വാനം കുറച്ച് , കുറഞ്ഞ ചിലവിൽ കൂടുതൽ ഫലം ഉണ്ടാക്കുകയാണ് എല്ലാ സാങ്കേതികവിദ്യയുടെയും ലക്ഷ്യം. ഇത് തൊഴിലിനെയല്ല , തൊഴിൽ ഭാരത്തെയാണ് ഇല്ലാതാക്കുക.
2006 ൽ പുണ്യ മിശ്രയും മാത്യു ജെ.കൊഹ് ലറും ചേർന്ന് അവതരിപ്പിച്ച സാങ്കേതിക വിദ്യാ ബോധനോന്മുഖ വിഷയ ജ്ഞാന (Techno Pedagogical content knowledge - TPACK ) മാതൃകയാണ് വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾക്ക് സൈദ്ധാന്തികമാനം നൽകിയത്. അധ്യാപനത്തിൽ ദൃശ്യ - ശ്രാവ്യ മാധ്യമങ്ങൾ എങ്ങനെ , എവിടെയെല്ലാം ഉൾപ്പെടുത്താം എന്ന ചിന്തകളായിരുന്നു അക്കാലത്ത് മുഖ്യമായും നടന്നിരുന്നത്. എഡ്യുക്കേഷൻ ടെക്നോളജി ഒരു സ്വതന്ത്ര വിഷയമായി വളർന്നപ്പോഴും അധ്യാപനത്തിലും പഠനത്തിലും വിവിധ ഉപകരണങ്ങൾ ഏതെല്ലാം തലങ്ങളിൽ ഉപയോഗപ്പെടുത്താം എന്ന മട്ടിലുള്ള ഗവേഷണങ്ങളാണ് പ്രാധാനമായും നടന്നത്. ടെക്നോളജിയെ ഒരു ഊന്നുവടിയായി ഉപയോഗിക്കാം, എന്നാൽ ഒരു സ്ട്രെച്ചറാക്കി മാറ്റരുത് എന്നതായിരുന്നു അധ്യാപകർ സ്വീകരിച്ച നിലപാട്.
എന്താണ് ടെക്നോ പെഡഗോജി?
1986 ൽ ലീ ഷുൾമാൻ എന്ന വിദ്യാഭ്യാസ മനശാസ്ത്രജ്ഞനാണ് വിഷയത്തിൻ്റെ ഉള്ളടക്ക സംബന്ധമായ അറിവിനോടൊപ്പം ഉള്ളടക്കത്തെ എങ്ങനെ മനോഹരമായി ക്ലാസ് മുറിയിൽ അവതരിപ്പിക്കാം എന്ന അറിവ് കൂടി അധ്യാപകര്‍ക്ക വേണം എന്ന വാദം മുന്നോട്ടു വെക്കുന്നത്. പെഡഗോഗിക്കൽ കണ്ടൻ്റ് നോളേജ് എന്നാണ് ഈ കാഴ്ചപ്പാടിനെ അദ്ദേഹം പേരിട്ട് വിളിച്ചത്. പഠിപ്പിക്കുന്ന വിഷയത്തിലെ വൈദഗ്ദ്യം മാത്രമല്ല അധ്യാപനത്തിൽ വിലയിരുത്തപ്പെടേണ്ടത് എന്നും, കുട്ടിയുടെ മാനസികവും സാമൂഹികവും സൈദ്ധാന്തികവുമായ അടിസ്ഥാന കാര്യങ്ങളെ തിരിച്ചറിഞ്ഞ് വിഷയങ്ങളെ അവതരിപ്പിക്കുന്ന ഒരു സർഗ്ഗ പ്രക്രിയ അധ്യാപനത്തിൽ ഉണ്ടാവേണ്ടതുണ്ട് എന്നുമുള്ള കാഴ്ചപ്പാട് ഇതോടെയാണ് രൂപപ്പെടുന്നത്.
ഇൻ്റർനെറ്റിൻ്റെ വ്യാപനത്തോടെ വിവരസാങ്കേതികവിദ്യാ സാധ്യതകൾ വർദ്ധിക്കുകയും ദൃശ്യ -- ശ്രാവ്യ അനുഭവങ്ങൾ നൽകാനുള്ള വസ്തു എന്നതിൽ കവിഞ്ഞ് നമ്മുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമായി പല ഗാഡ്ജറ്റുകളും മാറുകയും ചെയ്തു. ലോകത്തുള്ള ഭൂരിപക്ഷം കാര്യങ്ങളും ഇൻ്റർനെറ്റ് അധിഷ്ഠിതമായി മാറി. വിദ്യാഭ്യാസത്തിന് മാത്രം അതിൽ നിന്ന് മാറി നിൽക്കുക സാധ്യമല്ലെന്ന് മാത്രമല്ല അത് വിഡ്ഡിത്തവുമാണ്. ലോകപ്രസിദ്ധരായ പലരുടേയും ക്ലാസുകൾ വെർച്വൽ ക്ലാസ് മുറികളിൽ ഇരുന്നനുഭവിക്കുക എന്നത് സാധാരണമായിക്കഴിഞ്ഞു. അധ്യാപന -ബോധന സഹായികളായി നിൽക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തിന് പകരം പലതരം ഓൺലൈൻ സാധ്യതകളെ ഉപയോഗിക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറുകയും ചെയ്തു.
കമ്പ്യൂട്ടറോ മറ്റു ഗാഡ്ജറ്റുകളോ അധ്യാപനത്തിൽ ഉപയോഗിക്കുക എന്നതിൽ കവിഞ്ഞ് ഇൻറർനെറ്റിൻ്റെ സാധ്യതകളെ ക്ലാസിൽ പ്രയോഗിക്കാനുള്ള അറിവ് അധ്യാപകർക്കുണ്ടാവേണ്ടതുണ്ട്. സോഫ്റ്റുവെയർ അപ്രോച്ച്, ഹാർഡുവെയർ അപ്രോച്ച് സിസ്റ്റംഅപ്രോച്ച് തുടങ്ങിയ രീതികളായിരുന്നു എഡ്യുക്കേഷനൽ ടെക്നോളജി മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ടെക്നോ പെഡഗോജി യാഥാർത്ഥ്യമായതോടെ സമീപനത്തേക്കാൾ പ്രധാനം സന്ദർഭങ്ങളാണ് എന്ന് വന്നു. സന്ദർഭത്തിന് അനുയോജ്യമായ സമീപനം തെരെഞ്ഞെടുക്കുകയും അവയിൽ മൗലികമായ ചിന്ത കൂടി ഉൾചേർത്ത് ക്ലാസിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ടെക്നോ പെഡഗോജി എന്ന സങ്കല്പം പൂർത്തിയാവുന്നത്. വെറും തെരെഞ്ഞെടുപ്പ് എന്നതിൽ കവിഞ്ഞ് അധ്യാപകരുടെ സർഗ്ഗാത്മകചിന്ത കൂടി ഇവിടെ പ്രധാനമാണ് എന്നർത്ഥം.
നേരിട്ടുള്ള അനുഭവങ്ങൾ നൽകാവുന്നിടത്തെല്ലാം അവ നൽകുകയും സാധ്യമല്ലാത്തിടത്ത് കമ്പ്യൂട്ടറധിഷ്ഠിത ഗാഡ്ജറ്റുകൾ ഉപയോഗിക്കുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് നേരിട്ടുള്ള അനുഭവങ്ങൾക്കൊപ്പം ഓൺലൈൻ സാധ്യതകൾ ഉപയോഗിക്കുകയും ചില സന്ദർഭങ്ങളിൽ തിരിച്ചും ചെയ്യുകയാണ് ടെക്നോ പെഡഗോജിയുടെ തത്വം. ക്ലാസ് മുറിയിൽ ഒരു പരീക്ഷണത്തിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗൂഗ്ൾ ഫോം , ഗൂഗ്ൾ സ്ലൈഡ്സ് പോലുള്ള സാധ്യതകൾ ഉപയോഗിച്ച് ചർച്ച തുടരാവുന്നതാണ്. അതേപോലെ ഓൺലൈൻ വഴി ലഭിച്ച ഒരു ക്ലാസിൻ്റെ തുടർ പ്രവർത്തനം മറ്റു ഭൗതിക സാഹചര്യങ്ങളിൽ പൂർത്തീകരിക്കുകയും ചെയ്യാം. ഇങ്ങനെ സാന്ദർഭികവും അനുയോജ്യവും മൗലികവുമായ സാങ്കേതിക ബോധന സാധ്യതകളെ കുറിച്ചുള്ള അറിവാണ് ടെക്നോ പെഡഗോജി എന്ന് പറയാം. കേവലമായ ഒരു വീഡിയോ നിർമ്മാണം എന്നതിന്നപ്പുറത്ത് കുട്ടികൾക്ക് ബൗദ്ധികവും മാനസികവും ചാലകവുമായ വികസന സാധ്യതകൾക്ക് ഉതകുന്ന നിരവധി കാര്യങ്ങൾ തയ്യാറാക്കാൻ അധ്യാപകർ പക്വത നേടേണ്ടിയിരിക്കുന്നു. പാഠ്യവസ്തുക്കളെ വിശദമാക്കുന്നതിന്നപ്പുറത്ത് ക്ലാസ് മുറികളെ ആനന്ദകരവും സജീവവുമാക്കുന്നതിനുള്ള ക്രിയേറ്റിവിറ്റിയാണ് പെഡഗോജിക്കൽ നോളജ്. സന്ദർഭത്തിനനുയോജ്യമായ രീതിയിൽ കുട്ടികൾക്ക് മികച്ച പഠനാനുഭവം കൊടുക്കുന്നതിന് വേണ്ടി സാങ്കേതികകാര്യങ്ങളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് പാഠ്യവസ്തുവിനെ അവതരിപ്പിക്കുന്നതിന് ക്രിയാത്മകമായ തീരുമാനങ്ങളെടുക്കലാണ് ടെക്നോ പെഡഗോജിക്കൽ കണ്ടൻ്റ് നോളജ്.
ഡിജിറ്റൽ ടാക്സോണമി
1956 ൽ ബഞ്ചമിൻ എസ്.ബ്ലും എന്ന അമേരിക്കൻ മനശാസ്ത്രജ്ഞനാണ് പഠന ലക്ഷ്യങ്ങളെ നിർവചിക്കണമെന്നും കേവലമായ ബുദ്ധിവികാസത്തിൻ്റെ അപ്പുറത്തേക്ക് വൈകാരികവും മാനസികവുമായ പ്രവർത്തനങ്ങൾ കൂടി പഠനത്തിൽ പരിഗണിക്കപ്പെടണമെന്നുമുള്ള കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നത്. പക്ഷെ അദ്ദേഹം വിശദീകരിച്ചത് ബൗദ്ധിക മണ്ഡലത്തെ കുറിച്ച് മാത്രമായതിനാൽ ഓർമ്മ പരീക്ഷണങ്ങൾ നമ്മുടെ എല്ലാ വിദ്യാഭ്യാസഘട്ടത്തിലും ഉറച്ചുപോയി. 2001 ൽ ലോറിസ് ആൻഡേഴ്സണിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം കൊഗ്നിറ്റീവ് മന:ശാസ്ത്രജ്ഞർ ചേർന്ന് ബ്ലൂമിൻ്റെ പഠനോദ്ദേശ്യശ്രേണിയെ നവീകരിക്കുകയുണ്ടായി. വിദ്യാഭ്യാസലക്ഷ്യത്തിലെ ഏറ്റവും ഉയർന്ന ശേഷി എന്നത് സൃഷ്ടിപരതയാണ് എന്നും ഒരു കാര്യത്തെ വിലയിരുത്താനുള്ള ശേഷി അതിനു താഴെ വരുമെന്നും അവർ സിദ്ധാന്തിച്ചു.അപഗ്രഥിക്കാനുള്ള ശേഷി, പ്രയോഗിക്കാനുള്ള ശേഷി എന്നിങ്ങനെ താഴോട്ടുള്ള ഒരു ചിന്താക്രമത്തെയും അവർ പുനഃക്രമീകരിച്ചു. ഒപ്പം വെറും വസ്തുതാപരമായ അറിവിൽ നിന്ന് സ്വനിർമ്മിത ജ്ഞാനത്തിലേക്ക് ഉയരുന്ന മറ്റൊരു തലം കൂടി ബൗദ്ധികമണ്ഡലത്തിൽ പ്രവർത്തിക്കുന്നു എന്നും അവർ സമർത്ഥിച്ചു. ഓർമ്മിച്ചെടുക്കുക എന്നത് ഏറ്റവും താഴെനിൽക്കുന്ന, താരതമ്യേനെ ചിന്താപ്രക്രിയ ആവശ്യമില്ലാത്ത ഒന്നാണ് എന്നതിനാൽ ഈ ക്രമത്തിൽ ഏറ്റവും താഴെയാണ് അതിൻ്റെ സ്ഥാനം. ഈ ക്രമത്തെ ഡിജിറ്റൽ ലോകത്തേക്ക് മാറ്റിയെഴുതാനുള്ള ശ്രമമാണ് ഡിജിറ്റൽ ടാക്സോണമി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഡിജിറ്റൽ ലോകത്ത് സർഗ്ഗസൃഷ്ടി ആവശ്യമുള്ള ഡിസൈനിംഗ്, പ്രോഗ്രാമിംഗ്, ആനിമേറ്റിംഗ് തുടങ്ങി ഷോർട് ഫിലിം നിർമ്മാണം ,വീഡിയോ ബ്ലോഗിങ്ങ് അങ്ങനെ പോകുന്ന കാര്യങ്ങളായിരിക്കും ഉയർന്ന ചിന്താ പ്രക്രിയകളായി പരിഗണിക്കുക. അതേ സമയം ലൊക്കേറ്റിംഗ്, ഫൈൻറിംഗ് ,സോഷ്യൽ നെറ്റുവർകിംഗ്, ഗൂഗ്ലിംഗ് പോലുള്ളവ ഏറ്റവും താഴ്ന്ന ചിന്താപ്രക്രിയകളായിരിക്കും. അഥവാ കേവലമായ ഓർമ്മയ്ക്ക് പകരം ഡിജിറ്റൽ ലോകത്ത് അവ ഗൂഗ്ൾ ചെയ്യാനുള്ള കഴിവ് ഉണ്ടായാൽ മതി എന്ന് സാരം.
ഓൺലൈൻ പരീക്ഷകൾ
ഡിജിറ്റൽ ടാക്സോണമി വിശദമാക്കാനുള്ള കാരണം ഒരു ഓൺലൈൻ പരീക്ഷയിലൂടെ എന്താണ് പരിശോധിക്കപ്പെടേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടാകാനാണ്. ഓൺലൈൻ പരീക്ഷ പ്രഹസനമാണ് എന്നും പുസ്തകം നോക്കിയോ ഗൂഗ്ളിൽ പരതിയോ കുട്ടിക്ക് ഉത്തരം കണ്ടെത്താനാവും എന്നും പറയുന്ന അധ്യാപകരുണ്ട്. കുട്ടിക്ക് നോക്കി എഴുതാൻ മാത്രം കഴിയുന്ന , അല്ലെങ്കിൽ അവരുടെ ഓർമ്മ പരിശോധിക്കാൻ മാത്രം പ്രാപ്തമായ ചോദ്യങ്ങൾ തയാറാക്കാൻ മാത്രമേ അധ്യാപകർക്ക് കഴിയുന്നുള്ളൂ എന്ന പരിമിതിയാണ് ഇവിടെ യഥാർത്ഥ പ്രശ് നമായിട്ടുള്ളത്.
പകരം പോഡ്കാസ്റ്റിംഗ്, വീഡിയോ കാസ്റ്റിംഗ് തുടങ്ങി ബ്ലോഗ് പോസ്റ്റിംഗും ലിങ്കിംഗുമെല്ലാം മികച്ച ശേഷികൾ തന്നെയാണെന്ന ചിന്തയാണ് അധ്യാപകർക്കുണ്ടാവേണ്ടത്. ഒരു വിഷയം/പ്രശ്നം നൽകി അപഗ്രഥിക്കാൻ പറഞ്ഞാൽ ഒരു കുട്ടിയുടെ ശേഷി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നതാണ് വസ്തുത. ഓർമയോ ഗ്രഹണമോ മാത്രം പരീക്ഷിക്കേണ്ട ഘട്ടത്തിൽ അതിന് സഹായിക്കുന്ന, നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ ഡിസേബ്ൾ ആയിപ്പോകുന്ന ടെലഗ്രാം ക്വിസ്, ഗൂഗ്ൾ ക്വിസ്, കഹൂട്ട്, മെൻറിമീറ്റർ തുടങ്ങി അനേകം ഓൺലൈൻ ടൂളുകളുടെ സാധ്യതകളും ഓൺലൈൻ പരീക്ഷയിൽ ഉപയോഗിക്കാൻ സാധിക്കും.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ
ഓൺലൈൻ വിദ്യാഭ്യാസ മാതൃകകൾ പഠന ക്രയ എന്നതിൽ കവിഞ്ഞ് വിശാലമായ ഒരു പഠന പരിസ്ഥിതി കൂടിയാണ് സൃഷ്ടിക്കുന്നത്. കാലം, ദേശം, സമയം തുടങ്ങിയ പരിമിതികൾ ഇതിന് ബാധകമല്ല.സ്വയം നിയന്ത്രിത (self-paced) പഠനമാണ് അതിന്‍റെ പ്രധാന സ്വഭാവം. പഠിതാവ് സ്വന്തം സമയക്രമം സ്വയം നിശ്ചയിച്ച് തന്റെ സൗകര്യത്തിനും താല്പര്യത്തിനുമനുസരിച്ച് ക്രമീകരിക്കുന്ന അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയെയാണ് സ്വയംനിയന്ത്രിത പഠനം എന്ന് പറയുന്നത്. പാഠ ഭാഗത്തിന്‍റെ ഉള്ളടക്കം പഠിതാവിനു ഓൺലൈനിൽ എപ്പോഴും ലഭ്യമാണ്. പല വിദേശ യുണിവേഴ്സിറ്റിയുടേയും ഓൺലൈൻ കോഴ്സുകളിൽ ഒരാൾക്ക് എപ്പോൾ വേണമെങ്കിലും പ്രവേശനം നേടാം. സ്വന്തം കഴിവും വേഗതയുമനുസരിച്ച് എപ്പോൾ വേണമെങ്കിലും പൂർത്തീകരിക്കുകയും ചെയ്യാം.
സാധാരണ മുഖാമുഖ ക്ലാസ്മുറിയുടെ പരിമിതികളിലൊന്ന് വ്യക്തി വ്യത്യാസങ്ങളെ പൂർണമായും പരിഗണിക്കാൻ കഴിയില്ല എന്നതാണ്. ക്ലാസിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന കുട്ടിയോ ശരാശരി കുട്ടിയോ ആയിരിക്കും അധ്യാപകരുടെ പരിഗണനയിൽ എപ്പോഴുമുണ്ടാവുക. അവരെ അഡ്രസ് ചെയ്തു കൊണ്ടേ അവർക്ക് സംസാരിക്കാൻ സാധിക്കൂ. ഓരോ കുട്ടിയുടേയും പേസ് ലവൽ വളരെ വ്യത്യാസപ്പെട്ടിരിക്കും. ചില വിഷയങ്ങൾ ചിലർക്ക് വേഗത്തിൽ പഠിക്കാൻ കഴിയുമ്പോൾ ചിലത് കൂടുതൽ സമയം എടുത്ത് പഠിക്കേണ്ടതും ഉണ്ടാവും. ഈ പ്രശ്നം ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഉണ്ടാവുന്നില്ല. അതിൽ ഓരോ വിദ്യാർത്ഥിക്കും ആവശ്യമായ സമയമെടുത്ത്, ലഭ്യമായ പഠനരീതികളിൽ നിന്നു തനിക്കനുയോജ്യമായ മാർഗം തെരഞ്ഞെടുത്ത് മുന്നോട്ടു പോകാം. പാഠ്യവസ്തുക്കളെ മനസ്സിലാക്കാനുള്ള ശേഷിക്കനുസൃതമായി പഠനവേഗം മാറ്റാം. വിവിധങ്ങളായ ജ്ഞാന സമ്പാദന വിഭവങ്ങളിൽ നിന്ന് അനുയോജ്യമായവ തെരഞ്ഞെടുത്ത് വിഷയവുമായി കൂടുതൽ അർഥപൂർണമായ സംവേദനം നടത്തുകയും ചെയ്യാം. അധികമായി ലഭിക്കുന്ന സമയം ക്രിയാത്മകമായി ചെലവഴിക്കുകയുമാവാം.
മുഖാമുഖ ക്ലാസുകൾക്കൊപ്പം ഓൺലൈൻ പഠനം കൂടി നടത്താവുന്ന ഹൈബ്രിഡ് ലേണിംഗ് നൽകുന്ന സാധ്യതകളും വലുതാണ്. പരമ്പരാഗതമായ ക്ലാസ് റൂം പ്രവർത്തനങ്ങളും ഓൺലൈൻ പഠന സാധ്യതകളും കൂട്ടിച്ചേർത്ത് നടത്തുന്ന രീതിയാണ് മിശ്രിത പഠനം (Blended Learning). മുഖാമുഖ പഠനവും ഓൺലൈൻ പ്രവർത്തനങ്ങളും സമന്വയിപ്പിച്ച് കാര്യക്ഷമവും ഫലപ്രദവും സൗകര്യപ്രദവുമായ പഠനം സാധ്യമാക്കുന്നതിനായി സ്വീകരിക്കാവുന്ന അയവാർന്ന ഒരു സമീപനമെന്ന് മിശ്രിത പഠനത്തെ നിർവചിക്കാം. ഫീൽഡ് വർക്ക്, ജനസമ്പർക്കം, പരീക്ഷണങ്ങൾ എന്നിവ കൊണ്ടു മാത്രം ഫലപ്രദമായി പഠിക്കാൻ കഴിയുന്ന വിഷയങ്ങൾ നിരവധിയാണ്. അവ ഓഫ് ലൈൻ ആയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ ഓൺലൈനായും ചെയ്യാൻ ഈ ഫ്ലെക്സിബിലിറ്റി നമ്മെ സഹായിക്കുന്നുണ്ട്. സമയബന്ധിതമായി പഠനം പൂർത്തികരിക്കണം, ഹാജർ നിർബന്ധമാക്കണം എന്നൊക്കെ താല്പര്യപ്പെടുന്ന അധ്യാപകർക്ക് ഈരീതി യാണ് അഭികാമ്യം. മിശ്രിതപഠനത്തിൻ്റെ ബോധനശാസ്ത്രം ഏതാണ്ട് ക്ലാസുറൂം പഠനത്തിന്റെ തത്വങ്ങൾക്ക് അനുസരിച്ചാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഓൺലൈൻ ക്ലാസിനു മുൻപ് ഹാജർ എടുത്തും, നേരത്തെ റെക്കോർഡ് ചെയ്ത ക്ലാസ്സ് വീഡിയോകൾ ടൈംടേബിൾ വച്ചു കാണിച്ചും വാട്സ്ആപ്പ് വഴിയോ മറ്റോ അസൈൻമെൻറുകൾ ഫോട്ടോ എടുത്തും പി ഡി. എഫ്. ആക്കി അയച്ചു കൊടുത്തുമാണ് ഇപ്പോൾ ഹൈബ്രിഡ് പഠനരീതികൾ മുന്നോട്ട് പോകുന്നത് . സ്വയം നിയന്ത്രിത പഠനത്തിന്റെ ബോധനശാസ്ത്രം തുറന്നു തരുന്ന പല സാധ്യതകളും ബ്ലൻഡഡ് ലേണിംഗ് മോഡലിലും ഫലപ്രദമായി ഉൾപ്പെടുത്താൻ കഴിയും.
ക്ലാസ് റൂം പ്രവർത്തനങ്ങളെയും ഗൃഹപാഠത്തെയും കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ തകിടംമറിക്കുന്ന മറ്റൊരു പഠനരീതിയാണ് ഫ്ലിപ്ഡ് ലേണിംഗ്. വാക്ക് സൂചിപ്പിക്കുന്ന പോലെ തല തിരിക്കുന്ന അഥവാ ഫ്ലിപ്പുചെയ്യുന്ന ഒരു മിശ്രിതപഠന മാതൃകയാണ് ഫ്ലിപ്പ്ഡ് ക്ലാസ്റൂം. ഇവിടെ ക്ലാസുകൾ നടക്കുന്നതിന് മുൻപാണ് ഗൃഹപാഠങ്ങൾ പൂർത്തീകരിക്കേണ്ടത്. ക്ലാസുറൂം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പാഠഭാഗവുമായ ബന്ധപെട്ട മെറ്റീരിയലുകളുമായി വിവിധ സ്രോതസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് സംവദിക്കാൻ അവസരം നൽകുന്നു. പിന്നീട് പുതിയ വിവരങ്ങൾ ചർച്ചചെയ്യാനും ,ആശയങ്ങൾ പ്രായോഗികമാക്കാനും അവർ ക്ലാസ്മുറികളെ ഉപയോഗിക്കുന്നു. വിപരീത ഗൃഹപാഠരീതി എന്നു പറയാം.
വിവിധ വെർച്വൽ ക്ലാസ് മുറികൾ
മീറ്റിംഗുകളും ഗ്രൂപ്പ് വീഡിയോകോളുകളും ചെയ്യാൻ ഉപയോഗിക്കുന്ന വിവിധ തരം ആപ്പുകളെയാണ് ഇപ്പോൾ വ്യാപകമായി ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗിക്കുന്നത്. ഗൂഗ്ൾമീറ്റ്, സൂം, സ്വതന്ത്ര സോഫ്റ്റുവെയറായ ജിറ്റ്സി മുതൽ മൈക്രോസോഫ്റ്റിൻ്റെ ടീംസ്, വെബെക്സ്. സ്കൈപ് പോലുള്ളവ വരെ അധ്യാപനത്തിന് ഉപയോഗിക്കുന്നവയായി മാറി. യൂട്യൂബ്, വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും പഠനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
സാധാരണ ക്ലാസ്സ്മുറികൾക്ക് ഏകദേശം സമാനമായി ഓൺലൈൻ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാൻ വിദ്യാലയങ്ങളെ സഹായിക്കുന്ന ധാരാളം പ്ലാറ്റ്ഫോമുകൾ ഇന്ന് ലഭ്യമാണ്. വിവിധ രൂപത്തിലുള്ള മെറ്റീരിയലുകൾ, ലിങ്കുകൾ എന്നിവ അപ് ലോഡ് ചെയ്ത് അസെൻമെൻറുകൾ, പരീക്ഷകൾ എന്നിവ നൽകി ചാറ്റ് ബോക്സ് ഉപയോഗിച്ച് സാധാരണ ക്ലാസ്സ്മുറി പോലെ പഠനം നടത്താൻ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഗൂഗ്ൾ ക്ലാസ്സ്റൂം. മൊബൈൽ ആപ് ഉപയോഗിച്ചോ ഇൻറർനെറ്റ് ബ്രൗസറുകൾ വഴിയോ ഈ ക്ലാസ് നടത്താം. മെറ്റീരിയലുകളും ചാറ്റുമെല്ലാം ക്ലൗഡ് സിസ്റ്റത്തിൽ സുരക്ഷിതമായിരിക്കും എന്നതിനാൽ എപ്പോഴും എവിടെവെച്ചും പ്രാപ്യമാക്കാൻ സാധിക്കുകയും ചെയ്യും
മൂഡ്ൽ (MOODLE) പോലുള്ള പഠന സംവിധാനങ്ങളും(LMS) വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വെർച്വൽ പഠനസഹായിയാണ്. മാർട്ടിൻ ഡോഗിയാമാസ് എന്ന ആസ്ട്രേലിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ച ഈ സ്വതന്ത്ര സോഫ്റ്റുവെയർ ഓൺലൈൻ ക്ലാസുകളുടെ അനന്തസാധ്യതകളാണ് നമുക്ക് തുറന്ന് തരുന്നത്. പഠിതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഉപകരണങ്ങളും സഹകരണ അദ്ധ്യാപനത്തെയും പഠനത്തെയും ശാക്തീകരിക്കുന്ന വ്യത്യസ്ത ടൂളുകളും മൂഡിൽ നൽകുന്നുണ്ട്. മെറ്റീരിയലുകൾ സേവ് ചെയ്തു വെക്കുന്നതിനായി വാർഷിക ഫീസ് ആവശ്യമാണ്. എന്നാൽ ഗ്നോമിയോ മൂഡ്ൽ(gnomio moodle) പൂർണമായും സൗജന്യമായി ഉപയോഗിക്കാം
മനശ്ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉണ്ടാകുന്ന വളർച്ച വളരെ പെട്ടെന്നു തന്നെ പഠനബോധന പ്രക്രിയകളിൽ പ്രകടമാവാറുണ്ട്. എന്നാൽഇത്തരമൊരു മുന്നേറ്റം സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. പഠനനാനുഭവങ്ങൾക്ക് സഹായകമായി നിൽക്കുക, വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം സാങ്കേതിക ഉപകരണങ്ങളെ ഉപയോഗിക്കുക എന്നതായിരുന്നു വിവരസാങ്കേതികവിദ്യയുടെ വളർച്ചാഘട്ടത്തിൽ പോലും അധ്യാപകർ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ അനന്ത സാധ്യതകളിലേക്ക് തുറന്നുവെച്ച ജാലകമാണ് ഓൺലൈൻ എന്നു നമ്മളിപ്പോള്‍ വിളിക്കുന്ന ഐ.സി.ടി.അധിഷ്ഠിത പഠനം. ജൈവിക ക്ലാസ്മുറിയെ ഉപേക്ഷിച്ചു കൊണ്ടല്ല, അതിനോട് ഉൾച്ചേർത്ത് കൊണ്ടാവണം വെർച്വൽ പ്ലാറ്റ്ഫോമുകളെ കൂടി വിദ്യാഭ്യാസത്തിൻ്റെ ഭാഗമാക്കേണ്ടത്.അതിൽ നിന്നും മാറി നിൽക്കുക എന്നതിനർത്ഥം കാലത്തിന് പുറംതിരിഞ്ഞുനിർക്കുക എന്നു കൂടിയാണ്.
KM Shareef
#kmshareef, #km shareef
informative
മറുപടിഇല്ലാതാക്കൂ