2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

സ്നേഹത്തിന്റെ വിവർത്തന ഭാഷകൾ

സ്നേഹത്തിന്റെ വിവർത്തന ഭാഷകൾ
കെ. എം. ഷരീഫ്



        നല്ല ആരോഗ്യവും ദീർഘായുസും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ശരീരപുഷ്ടിക്കായി വ്യായാമത്തിനും, ഭക്ഷണക്രമത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാൽ ശാരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന തിരിച്ചറിവിലേക്ക് പലരും എത്തിയിട്ടില്ല
        ശരീരപോഷണത്തിന്  ഭക്ഷണമെന്ന പോലെ മാനസിക പോഷണത്തിന് എന്താണ് നൽകേണ്ടതെന്ന് നാമെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടികൾക്ക് പോഷകാഹാരങ്ങൾ നൽകാൻ ശ്രദ്ധിക്കുന്ന നാം അവരുടെ മാനസികാവശ്യങ്ങളെ ശ്രദ്ധിക്കാതെ പോകുന്നു. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്. അതിന്റെ വിനിമയം സാധ്യമാവുന്നതാവട്ടെ സവിശേഷമായ ഒരു ഭാഷയിൽ മാത്രവും. സ്നേഹിക്കപ്പെടുക എന്നതാണ് മാനസികമായ വിശപ്പുകളിൽ ഒന്നാമത്തേത്. അതിനുള്ള ഭക്ഷണം അറിഞ്ഞു വിളമ്പുന്നിടത്തേക്ക് ആളുകൾ ഓടിക്കൊണ്ടേയിരിക്കും.
        മനസ്സിന്റെ സമാധാനം എന്നത് സന്തോഷം തന്നെയാണ്. സന്തോഷത്തേടെയിരിക്കുന്ന സന്ദർഭങ്ങളെയാണ് മനസ്സമാധാനത്തോടെ ഇരുന്ന സന്ദർഭമായി പരിഗണിക്കുക. അതിനു വേണ്ടിയാണ് നാം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സന്തോഷം മാത്രമായി ഒരു ജീവിതമില്ല എന്നതാണ് യാഥാർത്ഥ്യം. പ്രയാസങ്ങളും സങ്കടങ്ങളുമുള്ളത് കൊണ്ടാണ് അവ പരിഹരിക്കപ്പെടുമ്പോൾ സന്തോഷം ലഭിക്കുന്നത്. മുന്തിരി പിഴിയാതെ വീഞ്ഞുണ്ടാക്കാനാവില്ല എന്നതാണ് ശരി.
        സന്തുഷ്ടമായി കടന്നു പോയ സന്ദർഭങ്ങളെ പരമാവധി ഓർത്തെടുക്കലാണ് മനസ്സമാധനത്തിനു നല്ലത്. എന്നാൽ കഴിഞ്ഞു പോയ സങ്കടങ്ങളെ ഓർത്തെടുക്കുകയാണ് പലരുടേയും സ്വഭാവം. ഭൂതകാലം തിരിച്ചെടുക്കാനാവാത്ത വിധം ചരിത്രമായതാണ്. ഭാവിയാകട്ടെ പ്രവചനങ്ങൾക്കു പോലും അതീതമാം വിധം ദുരൂഹവും. എന്നിട്ടും നമ്മൾ കഴിഞ്ഞതിനെ അയവിറക്കിയും ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെട്ടും ആരോഗ്യത്തെ ഇല്ലാതാക്കുകയാണ്. വർത്തമാനകാലത്തിൽ സന്തോഷത്തോടെ ജീവിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
        മുതിർന്നവരുടേയും കുട്ടികളുടെയും മാനസികാവശ്യങ്ങൾ വ്യത്യസ്തമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. കുട്ടിയുടെ വളർന്ന രൂപമാണ് മുതിർന്നവരുടെ ശരീരമെന്നതു പോലെ  കുട്ടിക്കാലത്ത് രൂപപ്പെട്ട മാനസിക ആവശ്യങ്ങളുടെ വളർന്ന രൂപമാണ് മുതിർന്നവരുടേതും. മൂന്ന് വയസ്സിലാണ് മാനസികാവശ്യങ്ങൾ ആരംഭിക്കുന്നത്. സ്പർശം, പരിഗണന എന്നിവയാണ് ഈ പ്രായത്തിലെ പ്രധാന ആവശ്യങ്ങൾ. സ്പർശത്തിനായുള്ള വിശപ്പ് എന്നാണ് മനശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. 'എന്നെ എടുക്കാമോ', എനിക്കൊരുമ്മ തരാമോ? എന്നൊക്കെ ചോദിക്കുന്ന കുട്ടിയും 'എന്നെ ഇപ്പോൾ തിരിഞ്ഞു നോക്കുന്നേ ഇല്ല' എന്നു പരാതി പറയുന്ന വൃദ്ധരുമെല്ലാം ഈ വിശപ്പിനാൽ വലയുന്നവർ തന്നെ. നമ്മോട് കാണിക്കുന്ന കരുതലും സ്നേഹപൂർണമായ ഒരു തലോടലുമൊക്കെയല്ലേ പലരും നമ്മുടെ പ്രിയപ്പെട്ടവരാവാൻ കാരണം.
    ആറാം വയസ്സിൽ ആരംഭിക്കുന്ന മാനസികാവശ്യങ്ങളാണ് അംഗീകാരത്തിനുള്ള ആഗ്രഹം, സംസാരിക്കാനും കേട്ടിരിക്കാനും ഒരാളെ കിട്ടാനുള്ള ദാഹം, കൂട്ടുകൂടാനുള്ള കൊതി എന്നിവ. കമ്യൂണിക്കേഷൻ സാധ്യതകൾ വർദ്ധിച്ച ഒരു കാലഘട്ടത്തിൽ നമുക്കിടയിൽ നടക്കേണ്ട നേരിട്ടുള്ള സംസാരം കുറഞ്ഞു പോവുകയും പരോക്ഷ വിനിമയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ബന്ധങ്ങൾ വർദ്ധിക്കുകയും ചെയ്തു. സ്നേഹബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലും നിലനിർത്തുന്നതിലും പരസ്പരം നൽകുന്ന അംഗീകാരത്തിനും പരസ്പരമുള്ള സംസാരത്തിനും ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. പ്രയാസങ്ങളിൽ കൂടെ നിൽക്കുന്നവരെ നാം എക്കാലത്തും ഹൃദയത്തിൽ തന്നെ കാത്തുവെക്കും. കുട്ടികളുടെ പ്രയാസങ്ങളിൽ കൂടെ നിൽക്കേണ്ടത് മാതാപിതാക്കളും പരസ്പരം താങ്ങും തണലുമാവേണ്ടത് ജീവിത പങ്കാളികളുമാണ്.
    പുരുഷനും സ്ത്രീക്കും കുട്ടിക്കും ലഭിക്കേണ്ട പരിഗണനകളുടെ രീതിക്ക് ചെറിയ വ്യത്യാസങ്ങളുണ്ട്. പുരുഷൻ എപ്പേഴും നേട്ടങ്ങൾക്ക് പുറകേയാവും. 'നിങ്ങളെപ്പോലെ ഒരാളെ കിട്ടിയതാണ് എന്റെ സൗഭാഗ്യം' എന്നാണ് പുരുഷൻ കേൾക്കാനാഗ്രഹിക്കുന്നതെങ്കിൽ താൻ നന്നായി കെയർ ചെയ്യപ്പെടുന്നുണ്ട് എന്നറിയാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നും ചില വീടുകളിലെങ്കിലും സ്ത്രീയെ വ്യക്തിയായി പോലും പരിഗണിക്കപ്പെടുന്നില്ല. സ്നേഹമെന്നത് പരസ്പരാവകാശമാണ്  എന്നും അതു കൊടുത്തും വാങ്ങിയുമാണ് വളരുക എന്നുമുള്ള തിരിച്ചറിവാണ് നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുക. അതേപോലെ എനിക്കാവണം ഈ വീട്ടിൽ മുഖ്യ പരിഗണന എന്നാണ് കുട്ടി ആശിക്കുന്നത്.
    കുടുംബ ബന്ധങ്ങളിൽ പരസ്പരമുള്ള വിട്ടുവീഴ്ചകൾ പ്രധാനമാണ്. തോറ്റു കൊടുക്കാനുള്ള ഒരു മനസ്സാണ് ഇതിനു വേണ്ടത്. പരസ്പരം അംഗീകരിക്കപ്പെടുന്ന സന്ദർഭത്തിലേ ഇതു സാധ്യമാവൂ. ഗാന്ധിജി മുന്നോട്ടുവെച്ച ഒരു സമരരീതി പോലും ഇതായിരുന്നല്ലോ. വള്ളത്തോൾ ഗാന്ധിജിയെ കൊണ്ട് പറഞ്ഞ 'ത്യാഗമെന്നതേ നേട്ടം'  സൗഹൃദങ്ങളേയും നല്ല ബന്ധങ്ങളേയും ശക്തിപ്പെടുത്തും.
    കുട്ടി ഉച്ചക്ക് ഭക്ഷണം കഴിച്ചോ എന്ന് ആശങ്കപ്പെടുന്ന അമ്മ കുട്ടിക്ക് മനസ്സമാധാനം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല. അംഗീകാരം കാംക്ഷിക്കുന്ന കുട്ടിക്ക് കിട്ടുന്നതാവട്ടെ കുറ്റപ്പെടുത്തലുകൾ മാത്രം. സ്പർശം, അംഗീകാരം, പരിഗണന, കൂടെ കൂട്ടൽ, നല്ല ശ്രോതാവാകൽ എന്നിങ്ങനെയുള്ള സ്നേഹത്തിന്റെ ഭാഷകൾ ഉപയോഗിക്കാനുള്ള ഒരു മനസ്സും ഞാൻ മാത്രമല്ല ജയിക്കേണ്ടത് എന്ന ചിന്തയുമുണ്ടായാൽ മനസ്സമാധാനമുള്ള ഒരു ജീവിതം കിട്ടുമെന്നതിൽ ആശങ്ക വേണ്ട .
    ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുക മനസ്സ് ശാന്തമായും ശക്തമായും നിൽക്കുമ്പോഴാണ്. മനസ്സിനു ശക്തി കിട്ടാൻ മനസ്സിനെ പോഷിപ്പിക്കണം. ചെയ്യുന്ന ജോലി എന്തുമാവട്ടെ അതിനെ ആസ്വദിക്കാനാവുക എന്നതാണ് പ്രധാനം. ഒപ്പം മാനസിക സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുള്ള സമയവും കണ്ടെത്തണം. അതിനുള്ള മാർഗ്ഗങ്ങളിൽ വലിയ വ്യക്തി വ്യത്യാസം കാണും. ചിലർക്ക് യാത്ര, മറ്റു ചിലർക്ക് സൗഹൃദം, വായന അങ്ങനെ പോവുന്നു അതിന്റെ വഴികൾ. തന്റെ ആനന്ദത്തിന്റെ വഴി കണ്ടെത്തി അതിനായി സമയം നീക്കിവെക്കാനുള്ള തീരുമാനമെടുക്കാനുള്ള മനശ്ശക്തി ഉണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് എന്നും യൗവനയുക്തമായി തുടരും.
(തത്സമയം വെള്ളിയാഴ്ച്ചയിൽ വന്ന ലേഖനം)

KM Shareef
#kmshareef

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ