2020, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

പ്രിയ ജലീൽ സാർ - ഓർമ്മക്കുറിപ്പ്

സ്നേഹത്തിന്റെ പച്ചപ്പ് മായാത്ത ഹെർബേറിയങ്ങൾ



        വെള്ളമെല്ലാം ഒഴുകിയിട്ട് പിന്നെ അണ കെട്ടിയിട്ടെന്തു കാര്യം മിസ്റ്റർ ? നളചരിതം ആട്ടക്കഥയിലെ ഒരു വാചകത്തിൻ്റെ മനോഹരമായ മലയാള വിവർത്തനമാണിത് .

'' പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ ?"

എന്നാണ് നളചരിതത്തിൽ കലി ദേവന്മാരോട് ചോദിക്കുന്നത്. ജലീൽ സാറിനെ കുറിച്ച് നല്ല വാക്കുകൾ പറയാൻ അവസരം ലഭിക്കുമ്പോഴൊക്കെ അദ്ദേഹം എപ്പോഴും പറയാറുള്ള ഈ വാചകം ഓർമ്മ വരും. നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്ന സ്നേഹവും ബഹുമാനവും, വെള്ളമെല്ലാം ഒഴുകിയ ശേഷം അണകെട്ടുന്ന പോലെ ആയോ എന്ന ഒരു വിങ്ങൽ തൊണ്ടയിൽ തങ്ങും.

        വളരെ ധൃതി പിടിച്ച് നടന്നിരുന്ന, എല്ലാറ്റിലും ധൃതി കാണിച്ചിരുന്ന ഈ മനുഷ്യൻ, ഇത്ര വേഗം തനിക്ക് മടങ്ങിപ്പോവേണ്ടി വരുമെന്ന് സ്വയം വിചാരിച്ചിരുന്നോ ? പോകും മുൻപ് ചെയ്ത് തീർക്കാനുള്ള കാര്യങ്ങളായിരുന്നോ അദ്ദേഹത്തെ ധൃതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.

        ജലീൽ സാറിനെ കുറിച്ച് പറയുമ്പോൾ മൂന്ന് കോണുകളിൽ നിന്ന് നോക്കേണ്ടി വരും. ആ വ്യക്തിത്വത്തിൻ്റെ സഹജഭാവങ്ങൾക്ക് പുറത്താണ് ചുമതലാബോധവും ഉത്തരവാദിത്വവുമുള്ള അധ്യാപകൻ, മികച്ച അക്കാദമീഷ്യന്‍ എന്നിവ. ജീവിതത്തെ ഒട്ടൊരു തമാശയോടെയാണ് ജലീൽസാർ കണ്ടിരുന്നതെന്ന് തോന്നുന്നു.

            ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് നമ്മുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമായിപ്പോകുന്ന ചിലരുണ്ട്. അതിലൊരാളാവും തീർച്ചയായും ജലീൽ എന്ന വ്യക്തി. എല്ലാറ്റിനേയും നർമ്മത്തോടെ സമീപിക്കാൻ കഴിയും സാറിന്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ സ്വയം കോമാളിയായി മാറും. രണ്ടു പേർ മാത്രമാവുമ്പോൾ സ്നേഹം തന്ന് വീർപ്പു മുട്ടിക്കും. സ്വകാര്യമായി വീട്ടിൽ കൊണ്ടു പോയോ, ഹോട്ടലിൽ കയറ്റിയോ സൗഹൃദമൂട്ടും. അപ്പോഴെല്ലാം ചിന്താമഗ്നനായി ഇരിക്കുന്ന ഇയാൾ എന്തൊരു മനുഷ്യനാണെന്ന് നാം അത്ഭുതപ്പെടും.

            തൻ്റെ പരിചയവൃന്ദത്തിലുൾപ്പെട്ട വരെ, തൊഴിൽപരമായോ മറ്റോ ഉള്ള വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ പരിഗണിക്കാൻ അദ്ദേഹം കാണിച്ച സൂക്ഷ്മത, മനുഷ്യത്വത്തിൻ്റെ പശിമയാർന്ന അടയാളമായി ജീവിതത്തിൽ പകർത്താവുന്ന മാതൃകയാണ് . താൻ കയറിയ ഓട്ടോയുടെ ഡ്രൈവറോടും, തനിക്ക് ഹോട്ടലിൽ ചായകൊണ്ടുവരുന്ന കുട്ടിയോടും, വിശേഷങ്ങൾ ചോദിച്ചും, കുശലം പറഞ്ഞും ജീവിതത്തെ സ്നേഹഭരിതമാക്കിയ ആ മനുഷ്യനെ അവരൊന്നും ഓർക്കാതിരിക്കില്ല. സഹായ മനസ്ഥിതിക്ക് പരിമിതിയില്ലായിരുന്നു ഈ മനുഷ്യന്. തൻ്റെ കയ്യിൽ ഇല്ലല്ലോ എന്ന് അദ്ദേഹം ചിന്തിച്ചിട്ടേ ഇല്ല.

        ജലീൽ സാറിൻ്റെ കൂടെ താമസിക്കുകയും കുറേയധികം യാത്രകൾ നടത്തുകയും ചെയ്‌ത ഞങ്ങളുടെ സഹപ്രവർത്തകൻ കെ.എം.ഫിറോസ് ബാബുവിന് എന്നും സ്റ്റാഫ് റൂമിൽ വന്ന് പറയാൻ ധാരാളം കഥകൾ ഉണ്ടായിരുന്നു. പലതും പൊട്ടിച്ചിരിക്കാവുന്നയാവും. എങ്കിലും അവയ്ക്കിടയിൽ പ്രകാശിക്കുന്ന മനുഷ്യത്വത്തിൻ്റെ മിന്നലുകൾക്കായിരിക്കും തെളിച്ചം കൂടുതൽ. അവർ നെല്ലിയാമ്പതിയിലേക്ക് ഒരിക്കൽ നടത്തിയ യാത്രയെക്കുറിച്ച് ഫിറോസ് പലവട്ടം പറഞ്ഞിട്ടുണ്ട്. പഠനാവശ്യാർത്ഥം ചില പ്ലാൻ്റുകൾ ശേഖരിക്കാനാണ് അവിടെ പോകുന്നത്. അവിടത്തെ മനുഷ്യർ ജലീൽ സാറിനെ സ്വീകരിക്കുന്നത് കണ്ടാൽ അദ്ദേഹം ആ നാട്ടുകാരനാണെന്ന് തോന്നിപ്പോകുമത്രെ. കാട്ടിനുള്ളിലേക്കുള്ള യാത്രാ മധ്യേ അവിടെയുള്ള ചായക്കടക്കാരനോട് കുറേ തമാശകൾ പറഞ്ഞ ശേഷം ജലീൽ സാർ ഏതാനും പാക്കറ്റ് പല തരം പലഹാരങ്ങൾ വാങ്ങി. പൊതുവേ ഭക്ഷണത്തിനോടോ കൊറിക്കലിനോടോ താല്പര്യം ഇല്ലാത്ത മാഷ് എന്തിനാ ഇതു വാങ്ങുന്നത് എന്ന് ഫിറോസ് അത്ഭുതപ്പെട്ടു. തനിക്കു വേണ്ടിയാവുമോ ? അതു കൊണ്ട് പല തവണ വിലക്കി പക്ഷെ ഒരു വലിയ പലഹാരക്കെട്ടുകളുമായിട്ടായിരുന്നു പിന്നീടുള്ള കാടുകയറ്റം. ഏറെ നേരം നടന്ന് അദ്ദേഹത്തിന് വേണ്ട ചെടികളൊക്കെ ശേഖരിച്ച ശേഷം ഇനി നമുക്ക് പുതിയ വഴി പോകാമെന്നായി. കാടുകാണാൻ കിട്ടിയ അവസരമായതിനാൽ വിലക്കിയില്ല. എന്നാൽ അവർ പോയത് വളരേ ദരിദ്രരായ, ഷീറ്റുമറച്ച വീടുകൾ വെച്ച് കാട്ടിൽ താമസിക്കുന്ന, മുതുവാൻ മാർ എന്ന വിഭാഗത്തിൽ പെട്ട ജനങ്ങളുടെ അടുത്തേക്കായിരുന്നു. സാറെ കണ്ടപ്പോൾ കുറേ കുട്ടികൾ ഓടിയടുത്തു. വസ്ത്രങ്ങൾ പോലും ഇല്ലാത്ത കുറേ പട്ടിണിക്കോലങ്ങൾ. അവർക്കു നൽകാനായിരുന്നു ഈ പലഹാരപ്പൊതികൾ. ഇടക്കിടെ ചെല്ലാറുണ്ടായിരുന്ന ജലീൽ സാറിൻ്റെ പലഹാരപ്പൊതികൾ അവർ ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവുമോ ?

            എൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് മർക്കസ് ഹയർ സെക്കണ്ടറി സ്കൂളിലാണ്. അവിടെ ഹയർ സെക്കണ്ടറി തുടങ്ങിയ ആദ്യ ദിവസം തന്നെ ജലീൽ സാറും ജോയിൻ ചെയ്തിരുന്നു. ഞങ്ങൾ വരുമ്പോഴേക്കും അദ്ദേഹം സ്കൂളിൻ്റെ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ പിന്നീട് വന്ന ഞങ്ങളോട് ഒട്ടൊരു അധികാര സ്വരത്തിലായിരുന്നു മാഷ് സംസാരിച്ചിരുന്നത്. അത് തൻ്റെ തൊഴിലിനോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയുമായിരുന്നു എന്നും അധികാരമായിരുന്നില്ല അവകാശമായിരുന്നു എന്നും തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി. ആ മനുഷ്യൻ ഒറ്റയ്ക്ക് ചുമതലകൾ ചുമലിലേറ്റുകയും ഞങ്ങളുടെ ഭാരം കുറക്കുകയുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ നിമിഷം മുതൽ സാറിനോടൊപ്പം നിന്ന് തന്നെ പ്രവർത്തിക്കാൻ സാധിച്ചിരുന്നു എന്ന ചാരിതാർത്ഥ്യമാണ് ഇപ്പോഴത്തെ സമാധാനം.

            ജലീൽ സാറിൻ്റെ വിദ്യാർത്ഥികളോടുള്ള സ്നേഹവും അടുപ്പവും ഞങ്ങൾക്ക് തിരിച്ചറിയാനായത് അദ്ദേഹം ക്ലാസ് അധ്യാപകനായ വർഷത്തിലാണ്. ഓരോ കുട്ടിയേയും അറിഞ്ഞു പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. തങ്ങൾക്ക് നൽകിയ ശിക്ഷകൾ പോലും ഒരു പുഞ്ചിരിയോടെയായിരിക്കും ശിക്ഷ കിട്ടിയ കുട്ടികൾ ഇപ്പോൾ ഓർക്കുന്നുണ്ടാവുക. അത്രമേൽ തികഞ്ഞ ചുമതലാബോധവും ഉത്തരവാദിത്വവും കാണിച്ച ഒന്നായിരുന്നു ജലീൽ സാറിൻ്റെ അധ്യാപക ജീവിതം.

            എന്നാൽ അവയ്ക്കിടയിലും അദ്ദേഹം സ്വതസിദ്ധമായ ചില തമാശകൾ കാണിക്കുമായിരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥി പഠിക്കാതിരുന്നതിന് കാരണം കാലിൻ്റെ മുട്ടിന് വേദന ആയതിനാലാണെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴുമുണ്ടോ, നല്ല വേദനയുണ്ടോ? എന്നൊക്കെയുള്ള സാറിൻ്റെ ഗൗരവപൂർണമായ ചോദ്യങ്ങൾക്ക് ഉണ്ട് എന്നായിരുന്നു മറുപടി. പിന്നെ കാണുന്നത് സ്കൂൾ മുറ്റത്തേക്ക് ഒരു ഓട്ടോ വരുന്നതാണ്. കുട്ടിയേയും കൂട്ടി നേരെ ഉഴിച്ചിൽ വിദഗ്ധനായ ഗുരുക്കളുടെ അടുത്തേക്ക്. അന്ന് സാറിൻ്റെ കാലു പിടിച്ചാണ് ആ കുട്ടി തലയൂരിയത്. പിന്നീടൊരിക്കലും അവൻ അധ്യാപകരോട് കളവ് പറഞ്ഞിട്ടുണ്ടാവില്ല.

            പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിലേക്ക് മാറിയപ്പോഴും അധ്യാപകൻ എന്ന നിലയിൽ അദ്ദേഹം പ്രകടിപ്പിച്ച ഉത്തരവാദിത്വബോധം കണ്ടറിയാൻ സാധിച്ചിട്ടുണ്ട്. യു.ജി.സി. മൈനോറിറ്റി കോച്ചിംഗ് സെൻ്ററിൻ്റെ ചുമതലയിൽ ഉണ്ടായിരുന്നപ്പോഴും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായിരുന്നപ്പോഴുമെല്ലാം കോളേജിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ അവിടെ ചെന്നിട്ടുണ്ട്. ക്ലാസ് ഏല്പിച്ചാലും എത്തുന്നത് വരെ ഫോളോ അപ് ചെയ്തു കൊണ്ടേയിരിക്കുമായിരുന്നു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറായിരിക്കെ അദ്ദേഹം ചെയ്ത സേവന പ്രവർത്തനങ്ങൾ വിസ്മയകരമാണ്. മറ്റെന്തിലുമേറെ മനുഷ്യത്വമാണ് ഈ പ്രവർത്തനങ്ങളിലെല്ലാം മുന്തി നിൽക്കുക.

        ഗവേഷണം ഒരു പി.എച്ച്.ഡി. ബിരുദ ലഭ്യതയോടെ അവസാനിപ്പിക്കേണ്ട ഒന്നല്ല എന്നും ജലീൽ സാർ എന്ന പ്രഗൽഭനായ അക്കാദമീഷ്യൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ആൻഡമാൻ ദ്വീപുകളിലടക്കം തൻ്റെ ഗവേഷണാവശ്യത്തിനായി മാത്രം അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. മരണ ശേഷവും ഈ ലോകത്ത് എക്കാലത്തേക്കും നിലനിൽക്കാൻ പര്യാപ്തമായ നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്‌. ചെറിയ ജീവിതത്തിനിടക്ക് അദ്ദേഹം കണ്ടെത്തിയ ഗവേഷണഫലങ്ങൾ പലതും സസ്യ ശാസ്ത്രമേഖലയിലെ പ്രധാനപ്പെട്ട അക്കാദമിക മുതൽക്കൂട്ടുകളാണ്. കണ്ണൂരിൽ നിന്ന് കണ്ടെത്തിയ ഒരു പ്ലാൻ്റ് ജലീൽ സാറിൻ്റെ അക്കാദമിക ജീവിതത്തിന് സാക്ഷ്യമായി Cleistanthus travancorensis var. jaleelianus എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകവസാനം വരെ ആ സസ്യം ജലീലിയാനസ് ആയിത്തന്നെ നിലനിൽക്കും.

            ജീനിയസും സറ്റയറും ചേർന്ന ഒരു ജലീലിയനിസം ആ ജീവിതത്തിലുടനീളം നമുക്ക് കാണാൻ സാധിക്കും. അതിൽ നമുക്ക് പകർത്താൻ ഏറെയുണ്ട്. മരിച്ച മഹാൻമാർ പിന്നീട് നക്ഷത്രങ്ങളായി ഉദിക്കുമെന്നായിരുന്നു കുട്ടിക്കാലത്തെ വിശ്വാസം. ആരുടെയോ വന്യമായ ആ ഭാവന യാഥാർത്ഥ്യമാവുകയാണെങ്കിൽ അകലങ്ങളിലെവിടെയോ ഇരുന്ന് ഇതെല്ലാം വായിച്ച് ജലീൽ സാർ പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്നുണ്ടാവും. എന്നിട്ട് ചോദിക്കും 'വാട്ട് മിസ്റ്റർ യു ആർ ?’


KM Shareef

#kmshareef



8 അഭിപ്രായങ്ങൾ:

  1. ഓർമയിൽ മായാത്ത നമ്മുടെ VAJ, പുതുതായി നമ്മുടെ കൂടെ ആദ്യം +2വിൽ join ചെയ്തു, പിരിയുമ്പോയിലും ആദ്യം

    മറുപടിഇല്ലാതാക്കൂ
  2. അകാലത്തിൽ പിരിഞ്ഞ ജലീൽ സാർ

    മറുപടിഇല്ലാതാക്കൂ
  3. Oru paadu vellam kudichittund... Classil sradhikkathe kottuvaa ittathinu... Sir parayum .. you are tired. Drink water... And my name is latecomer

    മറുപടിഇല്ലാതാക്കൂ
  4. മർകസിൽ പ്ലസ് ടു ആദ്യ ബാച്ച് student ആയിരുന്നു ,ജലീൽ സർ ന്റെ ഓർമ്മക്ക് മുന്നിൽ ഒരായിരം സ്നെഹപൂക്കൾ .... മനസ്സിനെ ഒരിക്കൽ കൂടെ മര്കസിലേക്കു കൂട്ടി കൊണ്ട് പോയ ശരീഫ് സർ നു ഒരായിരം നന്ദി .....

    മറുപടിഇല്ലാതാക്കൂ
  5. Always in sweet memories especially plus two life of Markaz Higher Secondary School

    മറുപടിഇല്ലാതാക്കൂ
  6. ജലീൽ സാറിന്റെ ബോട്ടണി ക്ലാസ് പലതും ഞങ്ങളെ പഠിപ്പിച്ചു. എന്നും നന്മ മാത്രം ഉള്ള ഒരു കൂട്ടം അധ്യാപകർ , അവരിൽ ഉയരം കൊണ്ടും തമാശകൾ കൊണ്ടും കളി കാര്യങ്ങളാലും മുന്നിൽ നിന്നു ഞങ്ങടെ സർ ...

    എല്ലാ കാര്യങ്ങളിലും വേഗത്തിൽ സഞ്ചരിച്ചിരുന്ന sir മരണത്തിലും നേരത്തെ പോയി ..

    ഒരു പക്ഷേ ... നമ്മള് നടന്ന് നടന്ന് അങ്ങ് എത്തുമ്പോൾ , അവിടെയും കാണും സ്പീഡിൽ പായുന്ന ഞങ്ങടെ ജലീൽ മാഷ്‌

    സർവകാരുണ്യവാൻ നമ്മളെ സഹായിക്കട്ടെ ❤️

    മറുപടിഇല്ലാതാക്കൂ
  7. എൻറെ പ്രിയപ്പെട്ട ഗുരുനാഥൻ... ഇഷ്ടം....

    മറുപടിഇല്ലാതാക്കൂ